സിഡ്‌നി: ആകാശച്ചെരുവിൽ നിന്നും മരണത്തിലേക്ക് വീണ രണ്ട് സ്കൈഡൈവർമാരുടെ ദാരുണാന്ത്യത്തിൽ വിമാനപരിശീലന കേന്ദ്രത്തിനും ഡയറക്ടർക്കുമെതിരെ കോടതി വിധി. 2021-ൽ ന്യൂ സൗത്ത് വെയിൽസിലെ ഗോൾബേൺ വിമാനത്താവളത്തിൽ നടന്ന അപകടത്തിൽ ഇൻസ്ട്രക്ടറായ സ്റ്റീഫൻ ഹോറെ (37), യാത്രക്കാരനായ അലക്സ് വെല്ലിംഗ് (32) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഗോൾബേൺ ഫ്ലൈറ്റ് ട്രെയിനിംഗ് സെന്ററും അതിന്റെ ഡയറക്ടറായ ആറ്റിലിയോ ജിയോവാനി ഫെരാരയും തൊഴിലിട സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതായി എൻഎസ്ഡബ്ല്യു ജില്ലാ കോടതി കണ്ടെത്തി.
അപകടത്തിന് തൊട്ടുമുൻപുള്ള ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം കോടതി പുറത്തുവിട്ടു. വിമാനത്തിന്റെ വാതിലിനടുത്തെത്തിയ അലക്സ് വെല്ലിംഗ് അതീവ സന്തോഷത്തോടെ ക്യാമറയ്ക്ക് നേരെ ചിരിക്കുന്നതും നാക്ക് നീട്ടി തമാശ കാണിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ വിമാനത്തിൽ നിന്നും ചാടിയ നിമിഷം, സെസ്ന വിമാനത്തിൽ പുതുതായി ഘടിപ്പിച്ച ലോഹപ്പടിയിൽ സ്കൈഡൈവർമാരുടെ ഉപകരണങ്ങൾ കുരുങ്ങുകയായിരുന്നു. ഇതോടെ ഇരുവരും വിമാനത്തിന് താഴെ തലകീഴായി തൂങ്ങിക്കിടക്കുന്ന ഭയാനകമായ സാഹചര്യം ഉടലെടുത്തു.
അപകടത്തിലായവരെ രക്ഷിക്കാൻ പൈലറ്റ് ആകാശത്ത് പലതവണ സാഹസിക നീക്കങ്ങൾ നടത്തിയിരുന്നു. വിമാനം താഴ്ത്തി പറത്തിയും, താഴെ വാഹനത്തിന് മുകളിൽ ആളുകളെ നിർത്തി പിടിച്ചു നിർത്താനുമൊക്കെയുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് ഇരുവരും മരണത്തിലേക്ക് വീണത്.
കേസിൽ പത്ത് ദിവസത്തോളം നീണ്ടുനിന്ന വിചാരണക്കൊടുവിലാണ് ജഡ്ജി ആൻഡ്രൂ സ്കോട്ടിംഗ് വിധി പ്രസ്താവിച്ചത്. സുരക്ഷാ വീഴ്ചകൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചുവെന്ന് കോടതി നിരീക്ഷിച്ചു. വിധി പ്രസ്താവന സമയത്ത് പ്രതിയായ ഫെരാര കോടതിയിൽ ഹാജരായിരുന്നില്ല. ഇവർക്കുള്ള ശിക്ഷാവിധി പിന്നീട് പ്രഖ്യാപിക്കും. ഇത്തരം ദുരന്തങ്ങൾ ഭാവിയിൽ ഒഴിവാക്കുന്നതിനായി പാഠമാകട്ടെ എന്ന നിരീക്ഷണത്തോടെയാണ്, കുടുംബാംഗങ്ങളുടെ എതിർപ്പ് മറികടന്ന് അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിടാൻ കോടതി അനുമതി നൽകിയത്.

