സിഡ്‌നി: റോഡരികിലെ വേഗപരിധി കാണിക്കുന്ന ബോർഡ് മരങ്ങൾക്കിടയിൽ മറഞ്ഞുനിൽക്കുന്നതിനാൽ വൻതുക പിഴയൊടുക്കേണ്ടി വരുന്നുവെന്ന പരാതിയുമായി ഡ്രൈവർമാർ രംഗത്ത്. സിഡ്‌നിയിലെ സെറ്റ്‌ലൻഡിലുള്ള ബർക്ക് സ്ട്രീറ്റ്, ബോട്ടണി റോഡ് ജംഗ്ഷനിലെ 40 കിലോമീറ്റർ വേഗപരിധി ബോർഡാണ് വിവാദത്തിലായിരിക്കുന്നത്. ബോർഡ് വ്യക്തമായി കാണാത്തതിനാൽ അബദ്ധത്തിൽ വേഗത കൂട്ടിയ തനിക്ക് 745 ഡോളർ (ഏകദേശം 62,000 രൂപ) പിഴ ലഭിച്ചതായി മൈക്ക് എന്ന ഡ്രൈവർ വെളിപ്പെടുത്തി.
പോപ്ലർ മരത്തിന് പിന്നിലായി ഒളിപ്പിച്ചു വെച്ച നിലയിലാണ് ഈ ബോർഡ് സ്ഥാപിച്ചിരിക്കുന്നതെന്നും, ജനങ്ങളെ കൊള്ളയടിക്കാനാണ് അധികൃതർ ഇത്തരത്തിൽ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. മനഃപൂർവ്വം നിയമം ലംഘിക്കുന്ന ആളല്ല താനെന്നും, ക്രിസ്മസ് കാലത്താണ് പെട്ടെന്ന് ഈ മാറ്റം വന്നതെന്നും അദ്ദേഹം 2GB റേഡിയോയോട് പറഞ്ഞു. ബോർഡ് കാണാൻ പ്രയാസമാണെന്ന് തെളിയിക്കുന്ന ചിത്രം സഹിതം അപ്പീൽ നൽകിയിട്ടും അധികൃതർ അത് തള്ളിക്കളയുകയായിരുന്നു.
സമാനമായ പരാതിയുമായി മറ്റ് പല ഡ്രൈവർമാരും രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, ഈ വാദത്തെ എതിർക്കുന്നവരും കുറവല്ല. ബർക്ക് സ്ട്രീറ്റിലും എലിസബത്ത് സ്ട്രീറ്റിലും കാലങ്ങളായി 40 കിലോമീറ്റർ വേഗപരിധി നിലവിലുണ്ടെന്നും, ഡ്രൈവർമാർ ശ്രദ്ധിക്കാത്തതാണ് പ്രശ്നമെന്നുമാണ് ഇവരുടെ പക്ഷം. എങ്കിലും, കൃത്യമായി കാണാത്ത രീതിയിൽ സൈൻ ബോർഡുകൾ സ്ഥാപിക്കുന്നത് അനീതിയാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പിഴ ലഭിച്ചവർ

