ഇന്ധനവില വർധന; ന്യൂസിലൻഡിലേക്കുള്ള വിമാന സർവീസുകൾ വെട്ടിക്കുറച്ച് ജെറ്റ്സ്റ്റാർ

ഓക്ക്‌ലൻഡ്: മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെത്തുടർന്ന് ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ ന്യൂസിലൻഡിലേക്കുള്ള നിരവധി സർവീസുകൾ വെട്ടിക്കുറച്ച് പ്രമുഖ വിമാനക്കമ്പനിയായ ജെറ്റ്സ്റ്റാർ. ക്വാണ്ടാസിന്റെ (Qantas) കീഴിലുള്ള ഈ ബജറ്റ് എയർലൈൻ, ആഗോളതലത്തിൽ വിമാന ഇന്ധനത്തിനുണ്ടായ വിലവർധനവും മറ്റ് പ്രവർത്തനച്ചെലവുകളും കണക്കിലെടുത്താണ് സർവീസുകളിൽ താൽക്കാലിക ക്രമീകരണം വരുത്തിയത്.

എത്ര വിമാനങ്ങൾ റദ്ദാക്കിയെന്ന കൃത്യമായ കണക്ക് പുറത്തുവിടാൻ കമ്പനി തയ്യാറായിട്ടില്ലെങ്കിലും, ഓസ്‌ട്രേലിയയിൽ നിന്നുള്ള പ്രധാന സർവീസുകളെ ഇത് ബാധിച്ചിട്ടുണ്ട്. സിഡ്‌നി – ഓക്ക്‌ലൻഡ്, ബ്രിസ്‌ബേൻ – ഓക്ക്‌ലൻഡ് റൂട്ടുകളിലെ ചില സർവീസുകൾ വെട്ടിക്കുറച്ചവയിൽ ഉൾപ്പെടുന്നു. ബാധിക്കപ്പെട്ട യാത്രക്കാരെ നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടെന്നും ഭൂരിഭാഗം പേർക്കും അതേ ദിവസം തന്നെ മറ്റ് വിമാനങ്ങളിൽ യാത്ര സൗകര്യമൊരുക്കിയിട്ടുണ്ടെന്നും ജെറ്റ്സ്റ്റാർ വക്താവ് അറിയിച്ചു.

യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നതായും വിമാനങ്ങൾ മാറ്റിയവർക്ക് മറ്റ് ഓപ്ഷനുകളെക്കുറിച്ച് ചർച്ച ചെയ്യാൻ കമ്പനിയുമായി ബന്ധപ്പെടാവുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം, വിദേശ രാജ്യങ്ങളിലെ സംഘർഷം ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയെയും ബാധിച്ചു തുടങ്ങിയതോടെ ഓസ്‌ട്രേലിയൻ കോംപറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ (ACCC) നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വിമാനക്കമ്പനികൾ ഉപഭോക്തൃ നിയമങ്ങൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കുമെന്നും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന നടപടികൾക്കെതിരെ കർശനമായി ഇടപെടുമെന്നും എസിസിസി കമ്മീഷണർ അന്ന ബ്രേക്കി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *