വടക്കൻ സിക്കിമിൽ കനത്ത ഉരുൾപൊട്ടൽ; 200-ഓളം വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നു

ഗാങ്‌ടോക്ക്: വടക്കൻ സിക്കിമിലെ ചുങ്‌താങ്ങിലുണ്ടായ ശക്തമായ ഉരുൾപൊട്ടലിനെത്തുടർന്ന് ഇരുനൂറോളം വിനോദസഞ്ചാരികൾ ഒറ്റപ്പെട്ടു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് പെയ്യുന്ന കനത്ത മഴയെത്തുടർന്നാണ് പലയിടങ്ങളിലും മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായത്. ഇതോടെ മേഖലയിലെ ഗതാഗത സംവിധാനങ്ങൾ പൂർണ്ണമായും തടസ്സപ്പെട്ടു.മംഗൻ-ചുങ്‌താങ്ങ് പാതയിൽ പലയിടത്തും വലിയ തോതിൽ മണ്ണും പാറക്കല്ലുകളും ഇടിഞ്ഞുവീണതിനെത്തുടർന്ന് റോഡ് ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇതോടെയാണ് വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്ക് മുന്നോട്ട് പോകാനോ തിരിച്ചു വരാനോ കഴിയാത്ത സാഹചര്യം ഉണ്ടായത്. കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ബി.ആർ.ഒ (Border Roads Organization), സിക്കിം പോലീസ്, പ്രാദേശിക ഭരണകൂടം എന്നിവർ സംയുക്തമായാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.ഒറ്റപ്പെട്ടുപോയ വിനോദസഞ്ചാരികൾക്ക് പ്രാദേശിക ഭരണകൂടം താൽക്കാലിക താമസസൗകര്യവും ഭക്ഷണവും ഉറപ്പാക്കിയിട്ടുണ്ട്. വിനോദസഞ്ചാരികളിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.വടക്കൻ സിക്കിമിൽ വരും ദിവസങ്ങളിലും കനത്ത മഴ തുടരാൻ സാധ്യതയുള്ളതിനാൽ വിനോദസഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. റോഡിലെ തടസ്സങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടന്നു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *