സിഡ്‌നി: സിഡ്‌നിയുടെ പടിഞ്ഞാറൻ മേഖലയിലുള്ള കബാബ് ഷോപ്പിൽ അതിക്രമിച്ചു കയറി മൂന്ന് പേർക്ക് നേരെ വെടിയുതിർത്ത സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. കഴിഞ്ഞ വർഷം ജൂൺ 16-ന് ഔബേണിലെ സൗത്ത് പരേഡിലുള്ള കബാബ് ഷോപ്പിലാണ് സിനിമാരംഗങ്ങളെ വെല്ലുന്ന രീതിയിലുള്ള ആക്രമണം നടന്നത്. കറുത്ത വസ്ത്രം ധരിച്ചെത്തിയ രണ്ട് അക്രമികൾ കടയ്ക്കുള്ളിലേക്ക് ഓടിക്കയറി എട്ടുതവണയാണ് വെടിയുതിർത്തത്. വെടിവെപ്പിന് ശേഷം ഇവർ നീല നിറത്തിലുള്ള ഓഡി കാറിൽ അതിവേഗം രക്ഷപ്പെടുകയായിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റ മൂന്ന് പേരെയും അന്ന് തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തോളിലും കൈയ്ക്കും പരിക്കേറ്റ 26-കാരൻ, ശരീരത്തിൽ നാല് വെടിയുണ്ടകൾ ഏറ്റ 47-കാരി, മുഖത്തിന് പരിക്കേറ്റ 25-കാരൻ എന്നിവരാണ് അക്രമത്തിന് ഇരയായത്. ഇവർ പിന്നീട് ആശുപത്രി വിട്ടെങ്കിലും 47 വയസ്സുള്ള സ്ത്രീയും 25 വയസ്സുള്ള യുവാവും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഇപ്പോഴും നേരിടുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. അക്രമികൾ സഞ്ചരിച്ച വാഹനം പിന്നീട് ഹാരിസ് പാർക്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയും തെളിവ് നശിപ്പിക്കാനായി തീയിടുകയും ചെയ്തിരുന്നു. സമാനമായ രീതിയിൽ മറ്റ് രണ്ട് വാഹനങ്ങൾ കൂടി പടിഞ്ഞാറൻ സിഡ്‌നിയുടെ വിവിധ ഭാഗങ്ങളിൽ കത്തിനശിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
വെടിവെപ്പ് നടക്കുന്നതിന് ഒരു മണിക്കൂർ മുൻപ് ഗിൽഡ്‌ഫോർഡ് ഭാഗത്തുനിന്ന് മെരിലാൻഡ്‌സിലേക്ക് ഓഡി കാർ എത്തുന്നതിന്റെ ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ഔബേൺ റോഡിൽ കാർ പാർക്ക് ചെയ്ത ശേഷം രണ്ട് പേർ പുറത്തേക്ക് പോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണെങ്കിലും ഇവരെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. അക്രമികളെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുന്നവർ ഉടൻ തന്നെ വിവരമറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. സംഭവത്തിൽ ഊർജ്ജിതമായ അന്വേഷണം തുടരുകയാണെന്ന് സിഡ്‌നി പോലീസ് വ്യക്തമാക്കി

