ബോണ്ടി ഭീകരാക്രമണം: ഐഎസ് പ്രസംഗം അക്രമികൾക്ക് പ്രേരണയായെന്ന് വിദഗ്ധർ

സിഡ്‌നി: കഴിഞ്ഞ വർഷം ഡിസംബറിൽ സിഡ്‌നിയിലെ ബോണ്ടി ബീച്ചിലുണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) വക്താവിന്റെ വിദ്വേഷ പ്രസംഗം പ്രേരണയായതായി ഭീകരവിരുദ്ധ വിദഗ്ധർ. മതപരമായ ആഘോഷങ്ങളെ ‘രക്തരൂക്ഷിതമായ കൂട്ടക്കൊലകളാക്കി’ മാറ്റാൻ ആഹ്വാനം ചെയ്യുന്ന 2024-ലെ ഐഎസ് പ്രസംഗമാണ് അക്രമികളെ സ്വാധീനിച്ചതെന്നാണ് വെസ്റ്റ് പോയിന്റ് കോംബാറ്റിംഗ് ടെററിസം സെന്റർ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിൽ പറയുന്നത്. ഇസ്രായേൽ-പാശ്ചാത്യ ലക്ഷ്യങ്ങൾക്കെതിരെ ആക്രമണം നടത്താൻ അനുയായികളോട് ആവശ്യപ്പെടുന്ന ‘എവിടെ വെച്ചും അവരെ വധിക്കുക’ എന്ന തലക്കെട്ടിലുള്ള പ്രസംഗത്തിലെ സമാനമായ ശൈലികളാണ് ബോണ്ടി ആക്രമണത്തിലും പ്രകടമായതെന്ന് ഗവേഷകരായ ആൻഡ്രൂ സാമിറ്റും ലെവി ജെ. വെസ്റ്റും ചൂണ്ടിക്കാട്ടുന്നു.

യഹൂദ, ക്രിസ്ത്യൻ വിശ്വാസികളെ ലക്ഷ്യമിടാനും ഏറ്റവും ക്രൂരമായ മാർഗങ്ങളിലൂടെ അവരെ വധിക്കാനും ഈ പ്രസംഗം ആഹ്വാനം ചെയ്തിരുന്നു. സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചും വെടിയുതിർത്തും ആക്രമണം നടത്താനായിരുന്നു നിർദ്ദേശം. സൈനിക കേന്ദ്രങ്ങളെക്കാൾ എളുപ്പത്തിൽ ലക്ഷ്യം വെക്കാവുന്ന സിനഗോഗുകളും പള്ളികളും ജനക്കൂട്ടവും തിരഞ്ഞെടുക്കണമെന്ന ഐഎസ് വക്താവിന്റെ വാക്കുകൾ അക്രമികൾ ശിരസാവഹിച്ചതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 2014-ൽ യൂറോപ്പിലുടനീളം നടന്ന ഭീകരാക്രമണങ്ങൾക്ക് മുൻപ് പുറത്തുവന്ന സമാനമായ ആഹ്വാനങ്ങളുമായി ഇതിന് വലിയ ബന്ധമുണ്ടെന്നും ഗവേഷകർ നിരീക്ഷിക്കുന്നു.

കഴിഞ്ഞ വർഷം ഡിസംബർ 14-ന് ഹനുക്ക ആഘോഷങ്ങൾക്ക് നേരെ നടന്ന വെടിവെപ്പിൽ 15 പേരാണ് കൊല്ലപ്പെട്ടത്. കേസിൽ പ്രതികളായ സാജിദ് അക്രം, മകൻ നവീദ് അക്രം എന്നിവർ ആഘോഷത്തിനിടെ ഐഇഡി (IED) ബോംബുകൾ എറിയുകയും തുടർന്ന് വെടിയുതിർക്കുകയുമായിരുന്നു. എന്നാൽ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചില്ല. ആക്രമണത്തിനിടെ സാജിദ് അക്രം പോലീസിന്റെ വെടിയേറ്റു മരിക്കുകയും പരിക്കേറ്റ നവീദ് അക്രം നിലവിൽ വിചാരണ നേരിടുകയുമാണ്. ഇവർ തിരഞ്ഞെടുത്ത ലക്ഷ്യവും ആക്രമണ രീതിയും ഐഎസ് മുന്നോട്ടുവെച്ച ആശയങ്ങളുമായി പൂർണ്ണമായും ഒത്തുപോകുന്നതാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *