ഹൈദരാബാദ്: തെലങ്കാനയിലെ ലാച്ചമ്മഗുഡെമിൽ കുടുംബകലഹത്തെത്തുടർന്ന് രണ്ട് വയസ്സുകാരിയായ മകളെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ട്രാക്ടർ ഡ്രൈവറായ വാരിക്കുപ്പാല രവി (30) ആണ് മൂത്തമകൾ മേഘനയെ കൊലപ്പെടുത്തിയത്. വിഷം ഉള്ളിൽച്ചെന്ന രവി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.വാരിക്കുപ്പാല രവിയും ഭാര്യ സ്വാതിയും തമ്മിൽ നിരന്തരം വഴക്കിടാറുണ്ടായിരുന്നു. ഇതേത്തുടർന്ന് മൂന്ന് മാസം മുൻപ് സ്വാതി ഒൻപത് മാസം പ്രായമുള്ള ഇളയമകൾ മയൂരിയുമായി മധുഗുലയിലുള്ള സ്വന്തം വീട്ടിലേക്ക് താമസം മാറിയിരുന്നു. മൂത്തമകൾ മേഘന രവിക്കൊപ്പമാണ് താമസിച്ചിരുന്നത്.മേഘനയെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് സ്വാതി പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ കുട്ടിയെ വിട്ടുകൊടുക്കാൻ തയ്യാറാകാതിരുന്ന രവി, മേഘനയ്ക്ക് എലിവിഷം കലർത്തി നൽകുകയും തുടർന്ന് ഇയാൾ സ്വയം വിഷം കഴിക്കുകയുമായിരുന്നു.ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച ഇരുവരേയും വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലിരിക്കെ മേഘന മരണത്തിന് കീഴടങ്ങി. ഗുരുതരാവസ്ഥയിലായ രവി ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. സ്വാതിയുടെ പരാതിയിൽ രവിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ആശുപത്രി വിട്ടാലുടൻ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.
രണ്ട് വയസ്സുകാരിയായ മകൾക്ക് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

