യൂറോപ്പിലേക്കുള്ള വിമാന സർവീസുകൾ വർദ്ധിപ്പിച്ച് ക്വാണ്ടസ്; പെർത്ത്-പാരീസ് നേരിട്ടുള്ള വിമാനം താൽക്കാലികമായി നിർത്തലാക്കി

സിഡ്‌നി: വടക്കൻ അർദ്ധഗോളത്തിലെ വേനൽക്കാല യാത്രാ തിരക്കും മിഡിൽ ഈസ്റ്റിലെ നിലവിലെ സംഘർഷ സാഹചര്യങ്ങളും കണക്കിലെടുത്ത് അന്താരാഷ്ട്ര വിമാന സർവീസുകളിൽ വൻ മാറ്റങ്ങൾ പ്രഖ്യാപിച്ച് ക്വാണ്ടസ് (Qantas) എയർലൈൻസ്. ഏപ്രിൽ പകുതി മുതൽ ജൂലൈ അവസാനം വരെ പ്രാബല്യത്തിൽ വരുന്ന പുതിയ സമയക്രമം അനുസരിച്ച് ഓസ്‌ട്രേലിയയ്ക്കും യൂറോപ്പിനുമിടയിലുള്ള സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കും.

ഏറ്റവും പ്രധാനപ്പെട്ട മാറ്റം പെർത്ത് – പാരീസ് നേരിട്ടുള്ള സർവീസ് (Non-stop) താൽക്കാലികമായി നിർത്തലാക്കി എന്നതാണ്. പകരം സിഡ്‌നിയിൽ നിന്ന് സിംഗപ്പൂർ വഴി പാരീസിലേക്ക് ആഴ്ചയിൽ അഞ്ച് സർവീസുകൾ നടത്തും. സിംഗപ്പൂർ വഴിയുള്ള യാത്രയിലൂടെ ഓരോ വിമാനത്തിലും 60 അധികം യാത്രക്കാരെ ഉൾപ്പെടുത്താൻ കഴിയുമെന്നതാണ് ഇതിന്റെ നേട്ടം. കൂടാതെ, പെർത്ത് – സിംഗപ്പൂർ സർവീസുകളുടെ എണ്ണം ആഴ്ചയിൽ ഏഴിൽ നിന്ന് പത്തായി ഉയർത്തും. പാരീസിലേക്കുള്ള കണക്ഷൻ വിമാനങ്ങൾക്കായിട്ടാണ് ഈ മാറ്റം.

നിലവിൽ ആഴ്ചയിൽ നാല് ദിവസമുള്ള പെർത്ത് – റോം നേരിട്ടുള്ള സർവീസ് ഏപ്രിൽ മുതൽ ദിവസേനയുള്ള (Daily) സർവീസായി മാറും. അതേസമയം, പെർത്ത് – ലണ്ടൻ നേരിട്ടുള്ള വിമാനങ്ങളിൽ മാറ്റമില്ലെങ്കിലും നിലവിലെ സാഹചര്യത്തിൽ സിംഗപ്പൂരിൽ ഇന്ധനം നിറയ്ക്കാനായി ഇറങ്ങുന്നത് തുടരും.

ദുബായ്, അബുദാബി, ദോഹ തുടങ്ങിയ പ്രധാന ട്രാൻസിറ്റ് പോയിന്റുകൾ വഴിയുള്ള വിമാന സർവീസുകൾ മിഡിൽ ഈസ്റ്റിലെ യുദ്ധം കാരണം തടസ്സപ്പെട്ട സാഹചര്യത്തിലാണ് യാത്രക്കാർ ക്വാണ്ടസിനെ കൂടുതൽ ആശ്രയിക്കുന്നത്. എമിറേറ്റ്സ്, എത്തിഹാദ്, ഖത്തർ എയർവേയ്‌സ് തുടങ്ങിയ കമ്പനികളെ ബാധിച്ച ഈ പ്രതിസന്ധി മറികടക്കാൻ അമേരിക്കൻ റൂട്ടുകളിൽ നിന്നും ആഭ്യന്തര റൂട്ടുകളിൽ നിന്നും വിമാനങ്ങൾ പിൻവലിച്ചാണ് ക്വാണ്ടസ് യൂറോപ്പിലേക്ക് കൂടുതൽ സർവീസുകൾ ഒരുക്കുന്നത്. ഷെഡ്യൂൾ മാറ്റം ബാധിക്കുന്ന യാത്രക്കാരെ കമ്പനി നേരിട്ട് ബന്ധപ്പെട്ട് പകരം സംവിധാനങ്ങൾ അറിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *