സിഡ്‌നി: മിഡിൽ ഈസ്റ്റിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് ഓസ്‌ട്രേലിയയിൽ നിലനിൽക്കുന്ന ഇന്ധന പ്രതിസന്ധി ഗ്രാമീണ മേഖലകളിൽ നിന്ന് നഗരങ്ങളിലേക്കും വ്യാപിക്കുന്നു. ന്യൂ സൗത്ത് വെയ്‌ൽസിലെ വിവിധ സർവീസ് സ്റ്റേഷനുകൾ ഇന്ധന വിതരണത്തിൽ സ്വന്തം നിലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിത്തുടങ്ങി. ഗ്രാമീണ മേഖലകളെയായിരുന്നു നേരത്തെ ഇന്ധനക്ഷാമം സാരമായി ബാധിച്ചിരുന്നതെങ്കിൽ, ഇപ്പോൾ സിഡ്‌നി ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലും പ്രതിസന്ധി പ്രകടമായിട്ടുണ്ട്.
സിഡ്‌നിയുടെ നോർത്തേൺ ബീച്ചസ് മേഖലയിലെ ഒരു പെട്രോൾ സ്റ്റേഷനിൽ ഓരോ വാഹനത്തിനും പരമാവധി 50 ലിറ്റർ ഇന്ധനം മാത്രമേ നൽകുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു. കൂടാതെ, കാനുകളിലും ടാങ്കുകളിലും ഇന്ധനം നിറയ്ക്കുന്നതിന് കർശന നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. സമാനമായ രീതിയിൽ ദക്ഷിണ പടിഞ്ഞാറൻ എൻ.എസ്.ഡബ്ല്യു പട്ടണമായ ബൽറനാൾഡിലും ഒരാൾക്ക് പരമാവധി 150 ലിറ്റർ എന്ന നിലയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ധനക്ഷാമം ഭയന്നുള്ള കൂട്ടത്തോടെയുള്ള വാങ്ങൽ (Panic-buying) ഒഴിവാക്കാനാണോ അതോ യഥാർത്ഥ സ്റ്റോക്ക് കുറവായതുകൊണ്ടാണോ ഈ നടപടിയെന്ന് വ്യക്തമല്ല.
അതേസമയം, രാജ്യത്തെ ഇന്ധന ലഭ്യത സുരക്ഷിതമാണെന്നും പരിഭ്രാന്തി വേണ്ടെന്നും പ്രധാനമന്ത്രി ആന്തണി ആൽബനീസ് ജനങ്ങൾക്ക് ഉറപ്പുനൽകി. യുദ്ധം നീണ്ടുപോയാൽ ഉണ്ടായേക്കാവുന്ന ആഘാതങ്ങൾ നേരിടാൻ സർക്കാർ സജ്ജമാണെന്നും ഏത് സാഹചര്യവും നേരിടാൻ കൃത്യമായ പ്ലാൻ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രാദേശിക മേഖലകളിലെ ഇന്ധനക്ഷാമം പരിഹരിക്കാനായി ആംപോൾ (Ampol), വിവ (Viva) തുടങ്ങിയ കമ്പനികൾ കൂടുതൽ ഡീസലും പെട്രോളും എത്തിക്കുന്നുണ്ടെന്ന് ഊർജ്ജ മന്ത്രി ക്രിസ് ബോവൻ അറിയിച്ചു

