സിഡ്നി: അമ്പത് വർഷത്തിനിടയിലെ ഏറ്റവും ശക്തമായ കടൽക്ഷോഭത്തിന് സാക്ഷ്യം വഹിക്കുന്ന ന്യൂ സൗത്ത് വെയ്‌ൽസ് തീരങ്ങളിൽ കനത്ത ജാഗ്രത തുടരുന്നു. അതിശക്തമായ കാറ്റും ഉയരത്തിലുള്ള തിരമാലകളും തീരശോഷണത്തിന് (Coastal erosion) കാരണമാകുമെന്നതിനാൽ ഈ വാരാന്ത്യത്തിൽ ആരും കടലിൽ ഇറങ്ങരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി.
കഴിഞ്ഞ ദിവസം രാത്രി രൂപപ്പെട്ട തീരദേശ ന്യൂനമർദ്ദം മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലുള്ള കാറ്റിനും 11 മീറ്റർ ഉയരത്തിലുള്ള തിരമാലകൾക്കും കാരണമായി. ഫോർസ്റ്റർ (Forster) മുതൽ ഈഡൻ (Eden) വരെയുള്ള തീരപ്രദേശങ്ങളിൽ അപകടസാധ്യത നിലനിൽക്കുന്നതിനാൽ ‘കോസ്റ്റൽ ഹസാർഡ്’ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കടലിലെ സാഹചര്യം അതീവ ഗുരുതരമായതിനാൽ അപകടത്തിൽപ്പെടുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പോലും ദുഷ്കരമാകുമെന്ന് സർഫ് ലൈഫ് സേവിംഗ് എൻഎസ്‌ഡബ്ല്യു പ്രതിനിധി ബ്രന്റ് മാനിയേരി പറഞ്ഞു.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (BOM) കണക്കനുസരിച്ച്, ടാസ്മാൻ കടലിലേക്ക് നീങ്ങുന്ന ന്യൂനമർദ്ദത്തിന്റെ ശക്തി ശനിയാഴ്ച വൈകുന്നേരത്തോടെ കുറയാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, പ്രവചിക്കപ്പെട്ടതിനേക്കാൾ 40 ശതമാനം കൂടുതൽ വേഗതയിൽ കാറ്റടിക്കാനും തിരമാലകൾ ഇരട്ടി ഉയരത്തിൽ ആഞ്ഞടിക്കാനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഈ സാഹചര്യത്തിൽ തീരപ്രദേശങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് മറൈൻ റെസ്ക്യൂ എൻഎസ്‌ഡബ്ല്യു കമാൻഡർ ഡാൻ ഡ്യൂമ്മർ ആവശ്യപ്പെട്ടു.
മോശം കാലാവസ്ഥ ഗതാഗത സംവിധാനങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. സിഡ്നി വിമാനത്താവളത്തിൽ നൂറോളം സർവീസുകളും മെൽബണിൽ നാൽപ്പതോളം സർവീസുകളും റദ്ദാക്കി. സിഡ്നിയിലെ പ്രശസ്തമായ മാൻലി – സർക്കുലർ കീ ഫെറി സർവീസുകൾ ഞായറാഴ്ച രാവിലെ വരെ നിർത്തിവെച്ചു. വിമാന സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ടെങ്കിലും യാത്രികർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.

