കാൻബറ: രാജ്യം നേരിടുന്ന രൂക്ഷമായ ഇന്ധന പ്രതിസന്ധിയിൽ ഓസ്ട്രേലിയൻ ഗതാഗത മേഖല തകർച്ചയുടെ വക്കിലെന്ന് മുന്നറിയിപ്പ്. ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ട്രക്കിംഗ് കമ്പനികൾ കൂട്ടത്തോടെ പൂട്ടിപ്പോകുകയാണെന്നും പമ്പുകളിൽ ഇന്ധന കാർഡുകൾ നിരസിക്കപ്പെടുന്ന അവസ്ഥയാണെന്നും നാഷണൽ റോഡ് ട്രാൻസ്പോർട്ട് അസോസിയേഷൻ (NatRoads) വെളിപ്പെടുത്തി.
പ്രതിസന്ധി പരിഹരിക്കാൻ സ്വകാര്യ ഇറക്കുമതിക്കാർക്ക് സർക്കാർ ഫണ്ട് ഉപയോഗിച്ച് കൂടുതൽ ഇന്ധനം എത്തിക്കാൻ അനുമതി നൽകുമെന്ന് പ്രധാനമന്ത്രി ആന്തണി ആൽബനീസി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര വിപണിയിൽ നിന്ന് കപ്പൽ മാർഗ്ഗം കൂടുതൽ ഇന്ധനം എത്തിക്കുന്നതിന് ‘എക്സ്പോർട്ട് ഫിനാൻസ് ഓസ്ട്രേലിയ’ വഴി ഗ്യാരണ്ടി നൽകാനാണ് സർക്കാരിന്റെ തീരുമാനം. തിങ്കളാഴ്ച മുതൽ ഈ പുതിയ നിയമം പ്രാബല്യത്തിൽ വരും. ഇന്ധനത്തിന് പുറമെ വളം ഉൾപ്പെടെയുള്ള അത്യാവശ്യ സാധനങ്ങളുടെ ഇറക്കുമതിക്കും ഈ ആനുകൂല്യം ലഭിക്കും.
എന്നാൽ, സർക്കാരിന്റെ ഈ നടപടികൾ വൈകിപ്പോയെന്നും നിലവിലെ സാഹചര്യം നേരിടാൻ ഇവ അപര്യാപ്തമാണെന്നും NatRoads ചീഫ് എക്സിക്യൂട്ടീവ് വാറൻ ക്ലോർക്ക് പറഞ്ഞു. “ആഴ്ചകൾക്ക് ശേഷമല്ല, ഇന്ന് തന്നെ ബിസിനസുകൾ തകരുകയാണ്. ഇന്ധനം വാങ്ങാൻ പണമില്ലാത്ത അവസ്ഥയിലാണ് പല ഓപ്പറേറ്റർമാരും. ട്രക്കുകൾ ഓട്ടം നിർത്തിയാൽ ഓസ്ട്രേലിയ തന്നെ സ്തംഭിക്കും,” അദ്ദേഹം മുന്നറിയിപ്പ് നൽകി. ചരക്കുലോറികൾക്കുള്ള ‘റോഡ് യൂസർ ചാർജ്’ അടിയന്തരമായി ഒഴിവാക്കണമെന്നും വായ്പ തിരിച്ചടവുകൾക്ക് ആറുമാസത്തെ സാവകാശം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിലവിൽ ഓസ്ട്രേലിയയിൽ ഏകദേശം ഒൻപത് ദിവസത്തേക്കുള്ള പെട്രോളും ഒരു മാസത്തേക്കുള്ള ഡീസലും മാത്രമേ ശേഖരത്തിലുള്ളൂ എന്ന് ഊർജ്ജ മന്ത്രി ക്രിസ് ബോവൻ അറിയിച്ചു. മിഡിൽ ഈസ്റ്റിലെ യുദ്ധസാഹചര്യം ഇന്ധനവിലയിൽ ഇനിയും വലിയ മാറ്റങ്ങൾ ഉണ്ടാക്കിയേക്കാം. സിഡ്നി ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ഡീസൽ വില ലിറ്ററിന് 3.03 ഡോളറിലേക്ക് എത്തിയത് സാധാരണക്കാരെയും ചെറുകിട ബിസിനസുകളെയും ഒരുപോലെ ബാധിച്ചിട്ടുണ്ട്.
സൂപ്പർമാർക്കറ്റുകളിലെ അവശ്യവസ്തുക്കളുടെ ലഭ്യതയെയും നിർമ്മാണ മേഖലയെയും ഈ പ്രതിസന്ധി വരുംദിവസങ്ങളിൽ ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

