പണപ്പെരുപ്പം ആറ് ശതമാനത്തിലേക്ക്; ഓസ്‌ട്രേലിയയിൽ പലിശനിരക്ക് വീണ്ടും വർദ്ധിച്ചേക്കുമെന്ന് സൂചന

മെൽബൺ: മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെത്തുടർന്ന് ഇന്ധനവില കുതിച്ചുയരുന്നത് ഓസ്‌ട്രേലിയൻ സമ്പദ്‌വ്യവസ്ഥയെ കനത്ത പണപ്പെരുപ്പത്തിലേക്ക് നയിക്കുന്നതായി സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ജൂൺ മാസത്തോടെ പണപ്പെരുപ്പം 6.4 ശതമാനം വരെ ഉയർന്നേക്കാമെന്നാണ് പുതിയ പ്രവചനങ്ങൾ സൂചിപ്പി ക്കുന്നത്.ലോകത്തിലെ അഞ്ചിലൊന്ന് എണ്ണ വിതരണവും നടക്കുന്ന ഹോർമുസ് കടലിടുക്ക് ഭാഗികമായി അടഞ്ഞതാണ് ആഗോള വിപണിയിൽ എണ്ണവില വർദ്ധിക്കാൻ പ്രധാന കാരണമായത്.

നേരത്തെ പണപ്പെരുപ്പം 5 ശതമാനത്തിൽ താഴെ നിൽക്കുമെന്നായിരുന്നു ട്രഷറർ ജിം ചാൽമേഴ്സിന്റെ കണ ക്കുകൂട്ടൽ.എന്നാൽ, നിലവിലെ സാഹചര്യം അതിലും ഗുരുതരമാണെന്ന് ബാങ്കിംഗ് മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 150 ഡോളറിലേക്ക് ഉയർന്നാൽ പണപ്പെരുപ്പം നിയ ന്ത്രണാതീതമാകുമെന്ന് കോമൺവെൽത്ത് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ വിലയിരുത്തുന്നു.

ഇന്ധനവില വർദ്ധനവ് ഗതാഗത ചെലവ് കൂട്ടുന്നത് വഴി വിമാനയാത്ര, ചരക്കുനീക്കം തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ വില വരെ വർദ്ധിക്കുന്ന ‘റിപ്പിൾ ഇഫക്റ്റ്’ സൃഷ്ടിച്ചിട്ടുണ്ട്. ഏപ്രിൽ മാസത്തോടെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകളിലും മെയ് മാസത്തോടെ അന്താരാഷ്ട്ര നിരക്കുകളിലും ഈ വർദ്ധനവ് പ്രകടമാകുമെന്ന് എൻ‌എബി (NAB) ചീഫ് ഇക്കണോമിസ്റ്റ് ഡോ. സാലി ഓൾഡ് പറഞ്ഞു.

ഫെബ്രുവരിയിലെ കണക്കനുസരിച്ച് പണപ്പെരുപ്പം 3.7 ശതമാനമായി കുറഞ്ഞിരുന്നുവെങ്കിലും, മാർച്ചിലെ ഇന്ധന പ്രതിസന്ധി ഈ കണക്കുകളെ അട്ടിമറിക്കുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിൽ പണപ്പെരുപ്പം പിടിച്ചുനിർത്താൻ റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ മെയ് മാസത്തിൽ തുടർച്ചയായ മൂന്നാം തവണയും പലിശനിരക്ക് വർദ്ധിപ്പിച്ചേക്കും. ഇതോടെ രാജ്യത്തെ പലിശനിരക്ക് 4.35 ശതമാനത്തിലേക്ക് ഉയർന്നേക്കാം. 2027-ഓടെ മാത്രമേ വിപണിയിൽ പണപ്പെരുപ്പം കുറയുകയുള്ളൂ എന്നാണ് ഇപ്പോഴത്തെ നിഗമനം

Leave a Reply

Your email address will not be published. Required fields are marked *