ഇന്ധനശേഖരം വർദ്ധിപ്പിക്കാൻ പുതിയ നിയമം; പരിഭ്രാന്തി വേണ്ടെന്ന് പ്രധാനമന്ത്രിയുടെ അഭ്യർത്ഥന

കാൻബറ: രാജ്യം നേരിടുന്ന രൂക്ഷമായ ഇന്ധന പ്രതിസന്ധി മറികടക്കാൻ സ്വകാര്യ ഇറക്കുമതിക്കാരെ സഹായിക്കുന്നതിനായി സർക്കാരിന് പുതിയ അധികാരങ്ങൾ നൽകുമെന്ന് പ്രധാനമന്ത്രി ആന്തണി ആൽബനീസി പ്രഖ്യാപിച്ചു. ഇന്ധനവില കുതിച്ചുയരുന്നതും ജനങ്ങൾക്കിടയിലെ പരിഭ്രാന്തിയും നിയന്ത്രിക്കാനാണ് ഈ നീക്കം. തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമം വഴി, അന്താരാഷ്ട്ര വിപണിയിൽ നിന്ന് കൂടുതൽ ഇന്ധനവും വളവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കുന്നതിന് സ്വകാര്യ മേഖലയ്ക്ക് സർക്കാർ സാമ്പത്തിക ഗ്യാരണ്ടി (Underwriting) നൽകും.

‘എക്‌സ്‌പോർട്ട് ഫിനാൻസ് ഓസ്‌ട്രേലിയ’ വഴി കപ്പൽ മാർഗ്ഗം കൂടുതൽ ഇന്ധനം എത്തിക്കുന്നതിലൂടെ രാജ്യത്തെ ഇന്ധനലഭ്യത ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. “ഓസ്‌ട്രേലിയയെ ചലിപ്പിക്കാൻ ആവശ്യമായ പുതിയ ഇന്ധന ശേഖരം കണ്ടെത്താൻ പ്രാദേശികവും അന്താരാഷ്ട്രീയവുമായ വിതരണക്കാരുമായി സർക്കാർ ചർച്ച നടത്തിവരികയാണ്. ഇത് സാധാരണ ഗതിയിലുള്ള സഹായമല്ല, മറിച്ച് രാജ്യത്തിന്റെ സുരക്ഷയ്ക്കും സാമ്പത്തിക ഭദ്രതയ്ക്കുമായി നടത്തുന്ന ഇടപെടലാണ്,” പ്രധാനമന്ത്രി വ്യക്തമാക്കി.

അതേസമയം, ഇന്ധനം പൂഴ്ത്തിവെക്കുന്നതിനെതിരെ (Panic buying) പ്രധാനമന്ത്രി ശക്തമായ മുന്നറിയിപ്പ് നൽകി. ജെറിക്കാനുകളിൽ ഇന്ധനം നിറച്ചു സൂക്ഷിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായും ഇത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. “ഇത് ഗാരേജുകളിൽ സൂക്ഷിച്ചുവെക്കാവുന്ന ടോയ്‌ലറ്റ് പേപ്പറല്ല, മറിച്ച് ഇന്ധനമാണ്. സഹജീവികളോട് കാട്ടുന്ന അനീതിയാണിത്. അത്യാവശ്യത്തിന് മാത്രം ഇന്ധനം വാങ്ങുക,” അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ ഓസ്‌ട്രേലിയയിൽ ഒൻപത് ദിവസത്തേക്കുള്ള പെട്രോളും (1.6 ബില്യൺ ലിറ്റർ) ഒരു മാസത്തേക്കുള്ള ഡീസലും (2.7 ബില്യൺ ലിറ്റർ) ശേഖരത്തിലുള്ളതായി ഊർജ്ജ മന്ത്രി ക്രിസ് ബോവൻ അറിയിച്ചു. റൂറൽ ഓസ്‌ട്രേലിയയിൽ ഇന്ധനത്തിന് വലിയ ആവശ്യകതയുണ്ടെന്നും എന്നാൽ ആഗോള വിപണിയിൽ എണ്ണവില വർദ്ധിക്കുന്നത് വിതരണ ശൃംഖലയെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ തുടരുന്നത് ഇന്ധനവില ഇനിയും വർദ്ധിക്കാൻ കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *