ബ്രിസ്ബേൻ: ഗോൾഡ് കോസ്റ്റിൽ അതിവേഗം പടരുന്ന അഞ്ചാംപനി (Measles) സ്ഥിരീകരിച്ചതിനെത്തുടർന്ന് ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം നൽകി. വിദേശത്തുനിന്നെത്തിയ രണ്ട് വ്യക്തികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ സന്ദർശിച്ച റോബിന ടൗൺ സെന്റർ, ഹിൽസോംഗ് ചർച്ച്, ആൽഡി (ALDI) ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങൾ സമ്പർക്ക പട്ടികയിൽ (Exposure sites) ഉൾപ്പെടുത്തിയിട്ടുണ്ട്.
രോഗം ബാധിച്ചവർ സന്ദർശിച്ച പ്രധാന സ്ഥലങ്ങളും സമയവും താഴെ നൽകുന്നു:
മാർച്ച് 7 (ശനി): ആർഎസിവി റോയൽ പൈൻസ് റിസോർട്ട് (RACV Royal Pines Resort) – ടീസ് ക്ലബ് ഹൗസ് (11am – 1pm)
മാർച്ച് 8 (ഞായർ): ഹിൽസോംഗ് ചർച്ച് ഗോൾഡ് കോസ്റ്റ് (5.15pm – 8.30pm)
മാർച്ച് 9 (തിങ്കൾ): റോബിന ടൗൺ സെന്റർ (4.30pm – 6pm), 35 റോബിന ടൗൺ സെന്റർ ഡ്രൈവ് (8am – 5pm)
മാർച്ച് 10 (ചൊവ്വാ): മെഡ്സെന്റേഴ്സ് റോബിന (1.45pm – 4pm), സൗത്ത് കോസ്റ്റ് റേഡിയോളജി (2.30pm – 3.30pm), ആൽഡി റോബിന (3pm – 4pm)
മാർച്ച് 22 (ഞായർ): ലിബർട്ട ചർച്ച് (9.15am – 11.45am), മുഡ്ജി ബാ കഫേ (11.30am – 1.30pm), റോബിന ടൗൺ സെന്റർ & വൂൾവർത്ത്സ് (1pm – 4pm)
ഈ സ്ഥലങ്ങളിൽ പ്രസ്തുത സമയങ്ങളിൽ ഉണ്ടായിരുന്നവരും അവിടെ ജോലി ചെയ്യുന്നവരും അടുത്ത മൂന്നാഴ്ചത്തേക്ക് രോഗലക്ഷണങ്ങൾ നിരീക്ഷിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. പനി, ചുമ, ജലദോഷം, കണ്ണുകളിൽ ചുവപ്പ്, ചർമ്മത്തിൽ ചുവന്ന തടിപ്പുകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. വായുവിലൂടെ പകരുന്ന ഈ രോഗം അതീവ ഗുരുതരമായ പ്രത്യാഘാതങ്ങൾക്കും ന്യൂമോണിയ പോലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം.
ഓസ്ട്രേലിയയിലെ ദേശീയ പ്രതിരോധ കുത്തിവെപ്പ് പദ്ധതി പ്രകാരം കുട്ടികൾക്ക് നൽകുന്ന രണ്ട് ഡോസ് വാക്സിനുകൾ ഈ രോഗത്തിൽ നിന്ന് ദീർഘകാല സംരക്ഷണം നൽകുന്നുണ്ട്. ലക്ഷണങ്ങൾ കാണുന്നവർ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണമെന്നും ഡോക്ടറെ കാണുന്നതിന് മുൻപ് ഫോണിലൂടെ വിവരം അറിയിക്കണമെന്നും ആരോഗ്യവകുപ്പ് ഓർമ്മിപ്പിച്ചു.

