മുൻ പ്രധാനമന്ത്രിയുടെ അറസ്റ്റ്: നേപ്പാളിൽ രാഷ്ട്രീയ ഭൂകമ്പം

കാഠ്മണ്ഡു: നേപ്പാളിൽ നാടകീയമായ രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ മുൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയെയും മുൻ ആഭ്യന്തര മന്ത്രി രമേശ് ലേഖകിനെയും പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷം നടന്ന ജനകീയ പ്രക്ഷോഭങ്ങളിലെ വെടിവെയ്പ്പും കൂട്ടക്കൊലയുമായി ബന്ധപ്പെട്ടാണ് ഈ നടപടി. പുതിയ പ്രധാനമന്ത്രിയായി ബാലേന്ദ്ര ഷാ അധികാരമേറ്റതിന് തൊട്ടുപിന്നാലെ നടന്ന ഈ അറസ്റ്റ് രാജ്യത്ത് വലിയ രാഷ്ട്രീയ ഭൂകമ്പത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.കഴിഞ്ഞ വർഷം സെപ്റ്റംബർ എട്ട്, ഒൻപത് തീയതികളിൽ നടന്ന അഴിമതി വിരുദ്ധ യുവജന പ്രക്ഷോഭത്തിനിടെയുണ്ടായ വെടിവെയ്പ്പിൽ 19 യുവാക്കളടക്കം 70-ഓളം പേർ കൊല്ലപ്പെട്ടിരുന്നു. സോഷ്യൽ മീഡിയ നിരോധനത്തിലും സാമ്പത്തിക പ്രതിസന്ധിയിലും പ്രകോപിതരായ യുവാക്കൾ നടത്തിയ ഈ പ്രക്ഷോഭമാണ് ഒലി സർക്കാരിന്റെ തകർച്ചയ്ക്ക് കാരണമായത്.സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഉന്നതതല കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാൻ പുതിയ സർക്കാർ തീരുമാനിച്ചതോടെയാണ് അറസ്റ്റ് ഉണ്ടായത്. വെടിവെയ്പ്പിന് നേരിട്ട് ഉത്തരവിട്ടതിന് തെളിവില്ലെങ്കിലും, ഭരണത്തലവൻ എന്ന നിലയിൽ കൊലപാതകങ്ങൾ തടയാൻ ഒലി ശ്രമിച്ചില്ലെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.ഭക്തപുരിലെ ഗുണ്ടുവിലുള്ള വസതിയിൽ നിന്നാണ് കെ.പി. ശർമ ഒലിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഒപ്പം മുൻ ആഭ്യന്തര മന്ത്രി രമേശ് ലേഖകും പിടിയിലായി.കുറ്റക്കാർക്ക് 10 വർഷം വരെ തടവ് നൽകാനാണ് കമ്മീഷൻ ശുപാർശ ചെയ്തിരിക്കുന്നത്. മുൻ പോലീസ് മേധാവി ചന്ദ്ര കുബേർ ഖപുംഗ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്.നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്നും ഇത് പ്രതികാരമല്ല, നീതിയുടെ തുടക്കമാണെന്നും” ആഭ്യന്തര മന്ത്രി സുദൻ ഗുരുംഗ് വ്യക്തമാക്കി.രാഷ്ട്രീയ വിരോധം തീർക്കാനാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും നിയമപോരാട്ടം തുടരുമെന്നും ഒലി മാധ്യമങ്ങളോട് പറഞ്ഞു.അറസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയതോടെ നേപ്പാളിൽ വരും ദിവസങ്ങളിലും രാഷ്ട്രീയ അനിശ്ചിതത്വം തുടരാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *