കുവൈറ്റ് സിറ്റി: കുവൈറ്റിലെ കുടിവെള്ള ശുദ്ധീകരണ പ്ലാന്റിന് നേരെ നടന്ന മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യൻ സ്വദേശി കൊല്ലപ്പെട്ടു. പ്ലാന്റിലെ ജീവനക്കാരനായിരുന്ന തമിഴ്നാട് സ്വദേശിയാണ് മരിച്ചത്. ആക്രമണത്തിൽ പ്ലാന്റിന് വൻതോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.ഇറാൻ ആണ് മിസൈൽ ആക്രമണത്തിന് പിന്നിലെന്ന് കുവൈറ്റ് അധികൃതർ സൂചിപ്പിച്ചു. എന്നാൽ ഈ ആരോപണത്തോട് ഇറാൻ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്ലാന്റിന് നേരെയുള്ള ആക്രമണത്തിന് പുറമെ, കഴിഞ്ഞ ദിവസങ്ങളിൽ കുവൈറ്റ് വ്യോമാതിർത്തിയിൽ 14 മിസൈലുകളും 12 ഡ്രോണുകളും കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. മറ്റൊരു സംഭവത്തിൽ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ 10 സൈനികർക്ക് പരിക്കേറ്റു.ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കുവൈറ്റിൽ കടുത്ത സുരക്ഷാ ജാഗ്രത ഏർപ്പെടുത്തിയിട്ടുണ്ട്. ബഹ്റൈനിലും സമാനമായ ആക്രമണ ശ്രമങ്ങൾ നടന്നതായി റിപ്പോർട്ടുകൾ വന്നതോടെ മേഖലയിൽ യുദ്ധഭീതി ശക്തമായി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കുവൈറ്റിൽ രാത്രികാല കടൽയാത്രകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. വൈകുന്നേരം 6 മണി മുതൽ പുലർച്ചെ 4 മണി വരെ മത്സ്യബന്ധന ബോട്ടുകൾ ഉൾപ്പെടെയുള്ളവയ്ക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
കുവൈറ്റിൽ കുടിവെള്ള പ്ലാന്റിന് നേരെ മിസൈൽ ആക്രമണം; ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു

