ന്യൂഡൽഹി: ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന ലഷ്കർ-ഇ-തൊയ്ബ ഭീകരനെ ഡൽഹി അതിർത്തിയിൽ വെച്ച് സുരക്ഷാ സേന പിടികൂടി. ജമ്മു കാശ്മീരിലെ ശ്രീനഗർ സ്വദേശിയായ ഷബീർ അഹമ്മദ് ലോൺ ആണ് പിടിയിലായത്. ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെല്ലും കേന്ദ്ര ഏജൻസികളും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇയാൾ വലയിലായത്.പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ നേരിട്ടുള്ള നിർദേശപ്രകാരം ബംഗ്ലാദേശ് കേന്ദ്രീകരിച്ചാണ് ഇയാൾ ഇന്ത്യവിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്. പാകിസ്ഥാന്റെ പങ്ക് മറച്ചുവെക്കാൻ ബംഗ്ലാദേശി പൗരന്മാരെയും ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്നവരെയും ഉപയോഗിച്ച് ആക്രമണങ്ങൾ നടത്താനായിരുന്നു പദ്ധതി.പാകിസ്ഥാനിലെ മുസാഫറാബാദിലുള്ള ഭീകരവാദ ക്യാമ്പുകളിൽ നിന്ന് ഉന്നത പരിശീലനം ലഭിച്ച ഭീകരനാണ് ഷബീർ അഹമ്മദ്. ലഷ്കർ തലവന്മാരായ ഹാഫിസ് സയീദ്, സാക്കി ഉർ റഹ്മാൻ ലഖ്വി എന്നിവരുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.2007-ൽ എ.കെ-47 തോക്കുകളും ഗ്രനേഡുകളുമായി ഡൽഹിയിൽ വെച്ച് ഇയാൾ ആദ്യമായി പിടിയിലായിരുന്നു. തുടർന്ന് 2018 വരെ തിഹാർ ജയിലിൽ കഴിഞ്ഞ ഷബീർ, ജാമ്യത്തിലിറങ്ങിയ ശേഷം ബംഗ്ലാദേശിലേക്ക് കടക്കുകയും അവിടെ വെച്ച് ലഷ്കർ ശൃംഖലകൾ പുനർനിർമ്മിക്കുകയും ചെയ്തു.കഴിഞ്ഞ ദിവസങ്ങളിൽ ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഡൽഹിയിലും ലഷ്കർ ബന്ധമുള്ള മോഡ്യൂളുകളെ സുരക്ഷാ ഏജൻസികൾ തകർത്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഷബീറിന്റെ അറസ്റ്റ്. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ ഭീകരവാദത്തിനായുള്ള ഫണ്ടിംഗ് രീതികൾ, പുതിയ റിക്രൂട്ട്മെന്റ് ചാനലുകൾ, ഇന്ത്യയിലെ മറ്റ് ലക്ഷ്യങ്ങൾ എന്നിവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് കേന്ദ്ര ഏജൻസികളുടെ പ്രതീക്ഷ.
ലഷ്കർ-ഇ-തൊയ്ബ ഭീകരൻ ഡൽഹി അതിർത്തിയിൽ പിടിയിൽ; ഇന്ത്യയിൽ വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടതായി വെളിപ്പെടുത്തൽ

