വാഷിംഗ്ടൺ ഡിസി: 2028-ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താൻ വീണ്ടും മത്സരിച്ചേക്കുമെന്ന സൂചന നൽകി മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് വേണ്ടി വീണ്ടും മത്സരരംഗത്തിറങ്ങാനുള്ള സാധ്യതയെക്കുറിച്ച് അവർ സംസാരിച്ചത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കില്ലെന്നും, രാജ്യത്തെ സേവിക്കാൻ താൻ ഇപ്പോഴും സന്നദ്ധയാണെന്നും കമല ഹാരിസ് വ്യക്തമാക്കി. 2028-ലെ പോരാട്ടത്തിൽ സജീവമായി ഉണ്ടാകുമെന്ന സൂചനയാണ് അവർ നൽകുന്നത്.
ഡെമോക്രാറ്റിക് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനും പുതിയ നയങ്ങൾ രൂപീകരിക്കുന്നതിനും താൻ മുൻഗണന നൽകുമെന്നും അവർ പറഞ്ഞു. യുവാക്കളെയും സ്ത്രീകളെയും കൂടുതൽ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യം.
നിലവിലെ ഭരണകൂടത്തിന്റെ ചില നയങ്ങളെ അവർ വിമർശിച്ചു. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ വീഴ്ച സംഭവിക്കുന്നുണ്ടെന്നും വരും വർഷങ്ങളിൽ ശക്തമായ പ്രതിപക്ഷമായി തങ്ങൾ പ്രവർത്തിക്കുമെന്നും ഹാരിസ് കൂട്ടിച്ചേർത്തു.
കമല ഹാരിസിന്റെ ഈ പ്രസ്താവന ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിലും അണികൾക്കിടയിലും വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. അവർ വീണ്ടും മത്സരിക്കുന്നത് പാർട്ടിക്ക് ഗുണകരമാകുമെന്ന് ഒരു വിഭാഗം വിശ്വസിക്കുന്നു.നിലവിൽ സജീവ രാഷ്ട്രീയ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും വരും വർഷങ്ങളിൽ ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തമായ പ്രഖ്യാപനങ്ങൾ ഉണ്ടാവുമെന്നും അവർ സൂചിപ്പിച്ചു.

