തിരുവനന്തപുരം: രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയുടെ ആഭരണങ്ങൾ കവർന്ന സംഭവത്തിൽ, മോഷണം നടന്നത് കൊട്ടാരത്തിനുള്ളിൽ നിന്നുള്ള കൃത്യമായ സഹായത്തോടെയാണെന്ന് പോലീസ്. അതിശക്തമായ സുരക്ഷാ വലയത്തിലുള്ള കൊട്ടാരത്തിൽ പുറത്തുനിന്നൊരാൾ അതിക്രമിച്ചു കയറി മോഷണം നടത്താനുള്ള സാധ്യത അന്വേഷണ സംഘം തള്ളിക്കളഞ്ഞു.
ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന അലമാര ബലം പ്രയോഗിച്ച് തുറന്നതിന്റെ ലക്ഷണങ്ങളില്ല. താക്കോൽ ഉപയോഗിച്ച് തന്നെ അലമാര തുറന്നതായാണ് പ്രാഥമിക നിഗമനം. താക്കോൽ ഇരിക്കുന്ന സ്ഥലം കൃത്യമായി അറിയാവുന്ന ഒരാളാണ് ഇതിന് പിന്നിലെന്ന് പോലീസ് കരുതുന്നു.കൊട്ടാരത്തിലെ മുൻ ജീവനക്കാരെയും നിലവിൽ ജോലിയിലുള്ളവരെയും പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇവരിൽ ചിലരുടെ സമീപകാലത്തെ സാമ്പത്തിക ഇടപാടുകളിൽ സംശയകരമായ മാറ്റങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്.
വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്ത് പരിശോധന നടത്തിയിരുന്നു. കൊട്ടാരത്തിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ വീണ്ടും പരിശോധിച്ചുവരികയാണ്. വരും ദിവസങ്ങളിൽ കേസിൽ നിർണ്ണായകമായ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് പോലീസ് നൽകുന്ന സൂചന.

