മംഗളൂരു: ചിക്മഗളൂരു ബാബ ബുഡൻഗിരി മലയിൽ വിനോദസഞ്ചാരത്തിനിടെ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി പെൺകുട്ടി ശ്രീനന്ദയുടെ മരണകാരണം വീഴ്ചയിലേറ്റ പരിക്കുകളാണെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തലയുടെ വലതുഭാഗത്തേറ്റ ശക്തമായ ആഘാതമാണ് മരണത്തിന് ഇടയാക്കിയതെന്നും ശരീരത്തിലെ ഭൂരിഭാഗം അസ്ഥികളും ഒടിഞ്ഞുനുറുങ്ങിയ നിലയിലാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മലയിടുക്കിലേക്ക് വീണപ്പോഴുണ്ടായ ആഘാതമാണ് മരണകാരണം. ശ്രീനന്ദയുടെ ശരീരത്തിൽ മറ്റിതര പരിക്കുകളോ ആരെങ്കിലും അപായപ്പെടുത്തിയതിന്റെ ലക്ഷണങ്ങളോ കണ്ടെത്താനായിട്ടില്ല. കുട്ടി ധരിച്ചിരുന്ന വസ്ത്രങ്ങൾ വീഴ്ചയ്ക്കിടെയുണ്ടായ ചെറിയ കീറലുകൾ ഒഴിച്ചാൽ സാധാരണ നിലയിലായിരുന്നു.ശ്രീനന്ദയെ അവസാനമായി കണ്ട സ്ഥലവും മൃതദേഹം കണ്ടെത്തിയ മലയിടുക്കും കുട്ടിയുടെ പിതാവിന്റെ സാന്നിധ്യത്തിൽ അന്വേഷണസംഘം പരിശോധിച്ചു. കാഴ്ചകൾ കാണുന്നതിനായി സുരക്ഷാവേലിക്ക് പുറത്തേക്ക് നീങ്ങിയപ്പോൾ അബദ്ധത്തിൽ കാൽ വഴുതി വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അപകടം നടന്ന ഭാഗത്തേക്ക് പോകുന്നത് നേരത്തെ ബന്ധുക്കൾ വിലക്കിയിരുന്നതായും സൂചനയുണ്ട്.
ചിക്മഗളൂരു താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. പാലക്കാട് കടമ്പഴിപ്പുറത്തെ വീട്ടിലെത്തിച്ച മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഐവർമഠത്തിൽ സംസ്‌കരിക്കും.
പാലക്കാട് കടമ്പഴിപ്പുറം സ്വദേശികളായ രമേഷ്-രോഹിണി ദമ്പതികളുടെ മകളാണ് ശ്രീനന്ദ. ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു. പഠനത്തിലും കലാകായിക രംഗത്തും മികവ് തെളിയിച്ചിട്ടുള്ള ശ്രീനന്ദയുടെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി.

