ഇസ്‌ലാമാബാദ്: മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി പാകിസ്താന്റെ മധ്യസ്ഥതയിൽ അമേരിക്കയും ഇറാനും തമ്മിൽ ഇസ്‌ലാമാബാദിൽ നടത്തുന്ന സമാധാന ചർച്ചകൾ ആദ്യദിനം തീരുമാനമാകാതെ പിരിഞ്ഞു. ശനിയാഴ്ച ആരംഭിച്ച ചർച്ചകൾ 14 മണിക്കൂറോളം നീണ്ടുനിന്നു. പാക് സമയം അർധരാത്രി പിന്നിട്ടിട്ടും ചർച്ചകൾ തുടർന്നെങ്കിലും പ്രധാന വിഷയങ്ങളിൽ ധാരണയിലെത്താൻ ഇരുവിഭാഗത്തിനും സാധിച്ചില്ല. ഈ സാഹചര്യത്തിൽ ചർച്ചകൾ ഞായറാഴ്ചയും തുടരുമെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട തർക്കമാണ് ചർച്ചകൾ നീണ്ടുപോകാൻ പ്രധാന കാരണമായത്. മേഖലയിലെ സുരക്ഷ, ആധിപത്യം എന്നീ കാര്യങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന കടുത്ത ഭിന്നത പരിഹരിക്കാൻ ആദ്യഘട്ടത്തിൽ സാധിച്ചിട്ടില്ല.
ചില വിഷയങ്ങളിൽ ഇപ്പോഴും ഭിന്നത തുടരുന്നുണ്ടെങ്കിലും ചർച്ചകളുമായി മുന്നോട്ട് പോകാൻ തന്നെയാണ് ഇരുരാജ്യങ്ങളുടെയും തീരുമാനം. അമേരിക്കൻ പ്രതിനിധി സംഘത്തിന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇറാൻ പ്രതിനിധി സംഘത്തിന് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയുമാണ് നേതൃത്വം നൽകുന്നത്.രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ ഇടപെടലിലൂടെയാണ് ഈ നിർണ്ണായക ചർച്ചകൾക്ക് വഴിയൊരുങ്ങിയത്. മേഖലയിൽ ശാശ്വത സമാധാനം ഉറപ്പാക്കുന്ന ഒരു കരാറിലെത്താൻ ഇന്നത്തെ ചർച്ചകളിലൂടെ സാധിക്കുമെന്ന പ്രതീക്ഷയിലാണ് നയതന്ത്ര ലോകം.

