ഇറാനിലേക്ക് അതിനൂതന വ്യോമപ്രതിരോധ മിസൈലുകൾ എത്തിക്കാൻ ചൈന; പശ്ചിമേഷ്യയിൽ ആശങ്കയേറുന്നു

ബീജിംഗ്: പശ്ചിമേഷ്യയിൽ സംഘർഷം പുകയുന്നതിനിടെ ഇറാനിലേക്ക് അത്യാധുനിക വ്യോമപ്രതിരോധ മിസൈൽ സംവിധാനങ്ങൾ കൈമാറാൻ ചൈന ഒരുങ്ങുന്നതായി റിപ്പോർട്ട്. ചൈനയുടെ അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനമായ എച്ച്.ക്യു-9സി (HQ-9C) ഇറാനിലെത്തിക്കാനാണ് നീക്കം നടക്കുന്നത്. നിലവിൽ റഷ്യയുടെ എസ്-300 മിസൈലുകൾ ഉപയോഗിക്കുന്ന ഇറാന്റെ പ്രതിരോധ മേഖലയ്ക്ക് ഈ നീക്കം വലിയ കരുത്തുപകരും.

ചൈനയുടെ മിസൈൽ സംവിധാനം ഇറാനിലെത്തുന്നത് ഇസ്രായേൽ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ വ്യോമാക്രമണ ഭീഷണികളെ ചെറുക്കാൻ ഇറാനെ സഹായിക്കും. അമേരിക്കൻ നിർമ്മിത പാട്രിയറ്റ് മിസൈലുകളോട് കിടപിടിക്കുന്നതാണ് ഈ ചൈനീസ് സംവിധാനമെന്നാണ് വിലയിരുത്തപ്പെടുന്നത്.ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അടുത്തിടെ നടത്തിയ ബീജിംഗ് സന്ദർശനത്തിനിടെയാണ് ഇത് സംബന്ധിച്ച നിർണ്ണായക ധാരണയിലെത്തിയതെന്നാണ് സൂചന.

യുഎസ്-ഇറാൻ ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിൽ ചൈനയും ഇറാനും തമ്മിലുള്ള ഈ സൈനിക സഹകരണം പശ്ചിമേഷ്യയിലെ ശക്തിസമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തിയേക്കും.മേഖലയിൽ സമാധാനം നിലനിർത്തണമെന്ന് ആവർത്തിക്കുമ്പോഴും ഇറാനുമായുള്ള സൈനിക ബന്ധം ശക്തമാക്കുന്ന ചൈനയുടെ നീക്കത്തെ അതീവ ജാഗ്രതയോടെയാണ് ലോകരാഷ്ട്രങ്ങൾ നോക്കിക്കാണുന്നത്. വ്യോമപ്രതിരോധം ശക്തമാക്കുന്നതിലൂടെ മേഖലയിലെ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനാണ് ഇറാന്റെ ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *