പറ്റ്ന: നിതീഷ് കുമാർ രാജ്യസഭാംഗമായതിനെ തുടർന്ന് ബിഹാറിൽ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് എൻഡിഎ മുന്നണിയിൽ അനിശ്ചിതത്വം തുടരുന്നു. അടുത്ത മുഖ്യമന്ത്രി ബിജെപിയിൽ നിന്നായിരിക്കുമെന്ന സൂചനകൾക്കിടയിലും ജെഡിയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ ബിജെപിക്ക് ഇതുവരെ സാധിച്ചിട്ടില്ല.പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായി ബിഹാറിലെ ബിജെപി നേതാക്കളെ കേന്ദ്ര നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നെങ്കിലും നിശ്ചയിച്ചിരുന്ന യോഗം പെട്ടെന്ന് റദ്ദാക്കി. ഇതിന്റെ കാരണം വ്യക്തമാക്കാൻ പാർട്ടി തയ്യാറായിട്ടില്ല. അതേസമയം, പറ്റ്നയിൽ നിതീഷ് കുമാറിന്റെ വസതിയിൽ ജെഡിയു നേതാക്കൾ പ്രത്യേക യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. മന്ത്രിസഭയിൽ ജെഡിയുവിന്റെ പ്രാതിനിധ്യം വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയായതായാണ് വിവരം.നിതീഷ് കുമാറിന്റെ രാജ്യസഭാ പ്രവേശനത്തോടെ സർക്കാർ ഉടൻ മാറില്ലെന്നും തീരുമാനങ്ങൾക്കായി കാത്തിരിക്കണമെന്നും അദ്ദേഹത്തിന്റെ അടുത്ത അനുയായിയായ വിജയ് കുമാർ ചൗധരി വ്യക്തമാക്കി. സർക്കാരിന്റെ മുഖം മാറിയാലും എൻഡിഎയുടെ ഭരണരീതി നിതീഷ് കുമാറിന്റെ കാഴ്ചപ്പാടുകൾക്കനുസരിച്ച് തന്നെ തുടരുമെന്ന് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനും പ്രതികരിച്ചു. വരും ദിവസങ്ങളിൽ ബിജെപി സംസ്ഥാന ചുമതലയുള്ള വിനോദ് താവ്ഡെയുടെ നേതൃത്വത്തിൽ പറ്റ്നയിൽ ചേരുന്ന യോഗത്തിൽ പുതിയ മുഖ്യമന്ത്രിയെക്കുറിച്ചുള്ള അന്തിമ തീരുമാനമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
ബിഹാറിൽ പുതിയ മുഖ്യമന്ത്രിയെ ചൊല്ലി എൻഡിഎയിൽ അനിശ്ചിതത്വം; വടംവലി തുടരുന്നു

