സിഡ്നി: ബാങ്ക്സ്‌ടൗൺ ആശുപത്രിയിൽ നിന്നും രക്ഷപെട്ട വിദേശ പൗരനും ബലാത്സംഗക്കേസ് പ്രതിയുമായ മൈക്കൽ അംഗോക് (30) അഞ്ച് ദിവസത്തിന് ശേഷം പോലീസ് പിടിയിലായി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.45-ഓടെ സിഡ്നിയുടെ പടിഞ്ഞാറൻ മേഖലയിലുള്ള സെവൻ ഹിൽസിലെ ഹാർട്ട്‌ലി റോഡിനും ടെർമിനസ് റോഡിനും സമീപത്തുനിന്നുമാണ് ന്യൂ സൗത്ത് വെയിൽസ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ നിലവിൽ ബ്ലാക്ക്‌ടൗൺ പോലീസ് സ്റ്റേഷനിൽ എത്തിച്ചിരിക്കുകയാണ്.
കഴിഞ്ഞ ബുധനാഴ്ച രാവിലെ 9.30-ഓടെയാണ് വിൽവുഡ് ഇമിഗ്രേഷൻ ഡിറ്റൻഷൻ സെന്ററിൽ നിന്നും ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ച ഇയാൾ അധികൃതരെ വെട്ടിച്ച് കടന്നുകളഞ്ഞത്. സെക്യുർ ജേർണീസ് എന്ന ഏജൻസിയിലെ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലിലായിരുന്ന ഇയാളെ വിലങ്ങുകൾ അണിയിച്ചിരുന്നുവെങ്കിലും വാർഡിൽ നിന്നും ഓടി രക്ഷപെടുകയായിരുന്നു.
2014-ൽ ഡൂൺസൈഡ് പാർക്കിൽ നടന്ന കൂട്ടബലാത്സംഗത്തിനിടെ 14 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയാണ് മൈക്കൽ അംഗോക്. ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതിനെ തുടർന്ന് 2016-ൽ ഇയാളുടെ വിസ റദ്ദാക്കിയിരുന്നു. അന്ന് മുതൽ വിൽവുഡ് ഡിറ്റൻഷൻ സെന്ററിൽ നാടുകടത്തൽ നടപടികൾക്കായി തടഞ്ഞുവച്ചിരിക്കുകയായിരുന്നു. ഡിറ്റൻഷൻ സെന്ററിലെ തടവ് കാലയളവിൽ ഉദ്യോഗസ്ഥരെ ആക്രമിക്കൽ, മാരകായുധങ്ങൾ കൈവശം വയ്ക്കൽ, മോഷണം തുടങ്ങി നൂറിലധികം കുറ്റകൃത്യങ്ങളിൽ ഇയാൾ ഉൾപ്പെട്ടിട്ടുള്ളതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇയാളെ കണ്ടെത്താനായി പോലീസ് വ്യാപകമായ തിരച്ചിൽ നടത്തിവരികയായിരുന്നു. ജനങ്ങളിൽ നിന്നും ലഭിച്ച നിർണ്ണായക വിവരങ്ങളാണ് പ്രതിയെ പിടികൂടാൻ സഹായിച്ചതെന്ന് ഡിറ്റക്ടീവ് സൂപ്രണ്ട് ബ്രെറ്റ് വാൻ അക്കർ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.

