കണ്ണൂർ/തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി നിധിൻ രാജിന്റെ മരണത്തിൽ കോളേജ് അധികൃതർക്കും അധ്യാപകർക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. നിധിൻ ആത്മഹത്യ ചെയ്തതല്ലെന്നും അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ നിരന്തരമായ മാനസിക പീഡനങ്ങളും ജാതി അധിക്ഷേപവുമാണ് മരണത്തിലേക്ക് നയിച്ചതെന്നും കുടുംബം
കോളേജിലെ അനാട്ടമി വിഭാഗം മേധാവിയും അധ്യാപകരും നിധിനെ ക്രൂരമായി അധിക്ഷേപിച്ചിരുന്നതായി സഹോദരി നിഖിത വെളിപ്പെടുത്തി. ക്ലാസ് മുറിയിൽ വെച്ച് നിറത്തിന്റെയും ജാതിയുടെയും പേരിൽ പരിഹസിക്കുകയും ‘തെരുവ് പട്ടി’ എന്ന് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തിരുന്നതായി കുടുംബം പറയുന്നു. എഴുത്തും വായനയും അറിയില്ലെന്ന് പറഞ്ഞ് നിധിനെ മാനസികമായി തളർത്തുകയും, മറ്റ് വിദ്യാർത്ഥികൾക്ക് മുന്നിൽ വെച്ച് അപമാനിക്കുകയും ചെയ്തിരുന്നു
വിഷയം വിവാദമായതിനെത്തുടർന്ന് ആരോപണവിധേയരായ രണ്ട് അധ്യാപകരെ കോളേജ് മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്തു. അനാട്ടമി വിഭാഗം മേധാവി ഡോക്ടർ എം.കെ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ സംഗീത എന്നിവർക്കെതിരെയാണ് നടപടി. സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കെഎസ് യു, എസ് എഫ് ഐ തുടങ്ങിയ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
തിരുവനന്തപുരം ഉഴമലയ്ക്കൽ സ്വദേശിയായ നിധിൻ രാജ് മെറിറ്റ് സീറ്റിലാണ് അഞ്ചരക്കണ്ടിയിൽ അഡ്മിഷൻ നേടിയത്. പെയിന്റിംഗ് തൊഴിലാളിയായ രാജന്റെയും ലതയുടെയും മകനാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നിധിനെ മെഡിക്കൽ കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവിക്കും പട്ടികജാതി-പട്ടികവർഗ കമ്മീഷനും പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം.

