ന്യൂഡൽഹി: വനിതാ സംവരണ നിയമം (നാരീശക്തി വന്ദൻ അധിനിയമം) നടപ്പിലാക്കുന്നതിന് കോൺഗ്രസിന്റെ പിന്തുണ തേടി കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ചു. വനിതാ സംവരണം നടപ്പിലാക്കുന്നത് വൈകിപ്പിക്കുന്നത് ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.രാഷ്ട്രീയത്തിന് അതീതമായി ചിന്തിച്ച് 2029-ഓടെ സംവരണം യാഥാർത്ഥ്യമാക്കാൻ സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി നിയമം നടപ്പിലാക്കാൻ ധൃതി കാണിക്കുന്നുവെന്ന ഖാർഗെയുടെ ആരോപണത്തിന് മറുപടിയായാണ് റിജിജു കത്തയച്ചത്.ഏപ്രിൽ 16 മുതൽ 18 വരെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരാനിരിക്കെയാണ് കേന്ദ്രമന്ത്രിയുടെ ഈ നീക്കം. സംവരണ കാര്യത്തിൽ കൂടുതൽ വ്യക്തത വേണമെന്നും സർവകക്ഷിയോഗം വിളിക്കണമെന്നും കോൺഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഭരണഘടനാ ഭേദഗതികളുമായി മുന്നോട്ട് പോകാനാണ് സർക്കാരിന്റെ തീരുമാനം.
വനിതാ സംവരണ ബിൽ: പിന്തുണ തേടി മല്ലികാർജുൻ ഖാർഗെയ്ക്ക് കിരൺ റിജിജുവിന്റെ കത്ത്

