സ്ഥിരനിയമനങ്ങളിൽ വൻ കുതിപ്പ്; എങ്കിലും 33 ലക്ഷത്തിലധികം ഓസ്‌ട്രേലിയക്കാർ തൊഴിൽ പ്രതിസന്ധിയിൽ

മെൽബൺ: ഓസ്‌ട്രേലിയൻ തൊഴിൽ വിപണി ഒരേസമയം പ്രതീക്ഷയും ആശങ്കയും നൽകുന്ന വ്യത്യസ്തമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പുതിയ റിപ്പോർട്ടുകൾ. മാർച്ചിലെ കണക്കുകൾ പ്രകാരം രാജ്യം ഫുൾടൈം ജോലിയിൽ ചരിത്രപരമായ നേട്ടം കൈവരിച്ചെങ്കിലും, തൊഴിലില്ലായ്മയും അണ്ടർ എംപ്ലോയ്‌മെന്റും (അർഹമായ ജോലി ഇല്ലാത്ത അവസ്ഥ) മൂലം 3.38 മില്യൺ ആളുകൾ ഇപ്പോഴും കടുത്ത പ്രതിസന്ധിയിലാണ്.

റോയ് മോർഗൻ പുറത്തുവിട്ട എംപ്ലോയ്‌മെന്റ് കണക്കുകൾ പ്രകാരം തുടർച്ചയായ 16-ാം മാസമാണ് രാജ്യത്തെ തൊഴിൽ പ്രതിസന്ധിയിലായവരുടെ എണ്ണം 30 ലക്ഷത്തിന് മുകളിൽ തുടരുന്നത്. മാർച്ചിൽ ഫുൾടൈം ജോലികളുടെ എണ്ണത്തിൽ 70,000-ത്തിന്റെ വർദ്ധനവുണ്ടായി. ഇതോടെ രാജ്യത്തെ ആകെ ഫുൾടൈം ജീവനക്കാരുടെ എണ്ണം 9.37 മില്യൺ എന്ന പുതിയ റെക്കോർഡിലെത്തി. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും പ്രധാന വ്യവസായ മേഖലകൾ സ്ഥിരമായ ജീവനക്കാരെ തേടുന്നു എന്നതിന്റെ സൂചനയാണിത്.

എങ്കിലും പാർട്ട് ടൈം, താൽക്കാലിക ജോലി മേഖലകളിൽ (Gig Economy) വൻ തിരിച്ചടിയുണ്ടായി. മാർച്ചിൽ 1,20,000 പാർട്ട് ടൈം ജോലികൾ നഷ്ടപ്പെട്ടതോടെ ആകെ ജോലി ചെയ്യുന്നവരുടെ എണ്ണം 14.49 മില്യണായി കുറഞ്ഞു. നിലവിൽ ഓസ്‌ട്രേലിയയിലെ തൊഴിൽ സേനയുടെ 20.9 ശതമാനവും പൂർണ്ണമായ തോതിൽ ഉപയോഗിക്കപ്പെടാത്ത അവസ്ഥയിലാണെന്ന് റോയ് മോർഗൻ സി.ഇ.ഒ മിഷേൽ ലെവിൻ ചൂണ്ടിക്കാട്ടി.

പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചതും ഇന്ധനവില വർദ്ധനവും വരും മാസങ്ങളിൽ തൊഴിൽ വിപണിയെ ദോഷകരമായി ബാധിച്ചേക്കുമെന്ന് ആശങ്കയുണ്ട്. മെയ് 12-ന് അവതരിപ്പിക്കാനിരിക്കുന്ന ഫെഡറൽ ബജറ്റിൽ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും ജീവിതച്ചെലവ് കുറയ്ക്കാനുമുള്ള നിർണ്ണായക തീരുമാനങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *