വിദ്യാർത്ഥികൾക്ക് 20 ലക്ഷം വരെ പലിശരഹിത വായ്പ; ടിവികെ പ്രകടന പത്രിക പുറത്തിറക്കി

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് പാർട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കി. ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർത്ഥികൾക്ക് 20 ലക്ഷം രൂപ വരെ പലിശരഹിത വായ്പ നൽകുമെന്നതാണ് പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. ഈ വായ്പയ്ക്ക് സർക്കാർ തന്നെ ഗ്യാരണ്ടി നിൽക്കുമെന്നും വിജയ് ഉറപ്പുനൽകി.സ്ത്രീകളുടെ സാമ്പത്തിക ഉന്നമനത്തിനും ക്ഷേമത്തിനും മുൻഗണന നൽകുന്ന നിരവധി പദ്ധതികളും പത്രികയിലുണ്ട്. കുടുംബനാഥകളായ സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ ധനസഹായം നൽകും. ഇതിനുപുറമെ, എല്ലാ കുടുംബങ്ങൾക്കും വർഷത്തിൽ ആറ് പാചകവാതക സിലിണ്ടറുകൾ സൗജന്യമായി നൽകുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വധുക്കൾക്ക് വിവാഹ സഹായമായി ഒരു പവൻ സ്വർണവും പ്രീമിയം പട്ടുസാരിയും നൽകും.ഗ്രാമ-നഗര വ്യത്യാസമില്ലാതെ മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാൻ അത്യാധുനിക സൗകര്യങ്ങളുള്ള സൗജന്യ റെസിഡൻഷ്യൽ സ്കൂളുകൾ സ്ഥാപിക്കും.

ഡിഎംകെ, ബിജെപി പാർട്ടികളെ വിമർശിച്ച വിജയ്, തന്റെ പാർട്ടി അധികാരത്തിലെത്തിയാൽ സത്യസന്ധവും അഴിമതിരഹിതവുമായ സർക്കാർ രൂപീകരിക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പുനൽകി.വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങളെ ആകർഷിക്കുന്നതിനായി വൻ പദ്ധതികളാണ് ടിവികെ മുന്നോട്ടുവെച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *