ബിലാസ്പൂർ: സർക്കാർ ഓഫീസുകളിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കും മെല്ലെപ്പോക്കിനുമെതിരെ ചത്തീസ്ഗഡിലെ ബിലാസ്പൂരിൽ യുവാവ് നടത്തിയ വ്യത്യസ്തമായ പ്രതിഷേധം തരംഗമാകുന്നു. തന്റെ പ്രോപ്പർട്ടി മ്യൂട്ടേഷൻ ഫയലിനായി ഒരു വർഷത്തിലേറെയായി ഓഫീസിൽ കയറിയിറങ്ങിയിട്ടും ‘ഫയൽ കാണാനില്ല’ എന്ന സ്ഥിരം മറുപടി ലഭിച്ചതിനെത്തുടർന്ന് തരുൺ സാഹു എന്ന യുവാവാണ് ബദാം പൊതിയുമായി ഓഫീസിലെത്തിയത്.
ബിലാസ്പൂരിലെ തിഫ്ര ഹൗസിംഗ് ബോർഡ് ഓഫീസിലായിരുന്നു സംഭവം. 50-ലേറെ തവണ ഓഫീസിൽ വന്നിട്ടും നടപടി ഉണ്ടാകാത്തതിനെത്തുടർന്ന്, ഉദ്യോഗസ്ഥരുടെ മറവി മാറ്റാൻ ബദാം കഴിക്കുന്നത് നല്ലതാണെന്ന് പരിഹസിച്ചുകൊണ്ട് തരുൺ ഉദ്യോഗസ്ഥയുടെ മേശപ്പുറത്ത് ബദാം നിരത്തുകയായിരുന്നു. “മാഡം, ഇത് കഴിച്ച് നിങ്ങളുടെ ഓർമ്മശക്തി വർദ്ധിപ്പിക്കൂ, എന്നിട്ട് എന്റെ ഫയൽ എവിടെയാണെന്ന് ഒന്ന് ഓർത്തെടുക്കൂ” എന്നായിരുന്നു തരുണിന്റെ പരിഹാസം.
ഈ പ്രതിഷേധത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടർന്നതോടെ അധികൃതർ ഉണർന്നു പ്രവർത്തിച്ചു. വർഷങ്ങളായി കാണാനില്ലെന്ന് പറഞ്ഞിരുന്ന ഫയൽ മിനിറ്റുകൾക്കകം കണ്ടെത്തുകയും നടപടി പൂർത്തിയാക്കി യുവാവിന് നൽകുകയും ചെയ്തു. ഇതിന് പിന്നാലെ, ഗുരുതരമായ വീഴ്ച വരുത്തിയ എസ്റ്റേറ്റ് ഓഫീസർ എൽ.പി ബഞ്ചാരെ, അസിസ്റ്റന്റ് പൂനം ബഞ്ചാരെ എന്നിവരെ അന്വേഷണവിധേയമായി ഹെഡ്ക്വാർട്ടേഴ്സിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് ജില്ലാ ഭരണകൂടം ഉത്തരവിറക്കി. സാധാരണക്കാരുടെ പ്രശ്നങ്ങളോട് മുഖം തിരിക്കുന്ന ഉദ്യോഗസ്ഥർക്കുള്ള ശക്തമായ താക്കീതായി മാറിയിരിക്കുകയാണ് ഈ ‘ബദാം സമരം’.

