തൃശൂർ: തൃശൂരിലെ വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ച പ്രധാനമന്ത്രി, മരിച്ചവരുടെ ആശ്രിതർക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് 50,000 രൂപ വീതവും നൽകും.
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും ദുരന്തത്തിൽ അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങളുടെ തീരാനഷ്ടത്തിൽ പങ്കുചേരുന്നതായി അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. അപകടവുമായി ബന്ധപ്പെട്ട് അടിയന്തര ചികിത്സാ സഹായങ്ങൾ ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. സംഭവത്തെക്കുറിച്ച് ചീഫ് സെക്രട്ടറിയുമായി ചർച്ച നടത്തിയ മുഖ്യമന്ത്രി, പൊള്ളലേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഉത്തരവിട്ടു. ആവശ്യമെങ്കിൽ സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം തേടാനും നിർദ്ദേശമുണ്ട്.
നിലവിൽ പോലീസ്, അഗ്നിരക്ഷാസേന, ആരോഗ്യവകുപ്പ്, റവന്യൂ, ദുരന്തനിവാരണ വിഭാഗം എന്നിവയെ ഏകോപിപ്പിച്ചുകൊണ്ടുള്ള അതിവേഗ രക്ഷാപ്രവർത്തനങ്ങളാണ് പ്രദേശത്ത് നടക്കുന്നത്. ദുരന്തത്തിൽ മുഖ്യമന്ത്രി ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തി.

