ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള ഗാർഹിക എൽപിജി വിതരണം സാധാരണ നിലയിലാണെന്നും എവിടെയും പാചകവാതക ക്ഷാമം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെയും എൽപിജിയുടെയും വില വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും, ആഭ്യന്തര വിതരണം തടസ്സമില്ലാതെ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ അറിയിച്ചു.
ന്യൂഡൽഹിയിൽ നടന്ന അന്തർ മന്ത്രാലയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ വിതരണ ശൃംഖല സുഗമമായി മുൻപോട്ടു കൊണ്ടുപോകാൻ ആവശ്യമായ എല്ലാ നടപടികളും മന്ത്രാലയം സ്വീകരിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിലും വിതരണത്തിൽ തടസ്സങ്ങളുണ്ടാകില്ലെന്ന് സർക്കാർ ഉറപ്പുനൽകി.

