ചെന്നൈ/കൊൽക്കത്ത: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെയും ഉപതിരഞ്ഞെടുപ്പുകളുടെയും പശ്ചാത്തലത്തിൽ തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും വൻ തുകയുടെ അനധികൃത ശേഖരം പിടിച്ചെടുത്തതായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇരു സംസ്ഥാനങ്ങളിൽ നിന്നുമായി ഇതുവരെ 1000 കോടി രൂപയിലധികം മൂല്യമുള്ള പണവും വസ്തുക്കളുമാണ് പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കുന്നതിനായി ഈ വർഷം ഫെബ്രുവരിയിൽ ‘ഇലക്ഷൻ സീഷർ മാനേജ്മെന്റ് സിസ്റ്റം’ (ESMS) സജീവമാക്കിയതിന് ശേഷമുള്ള കണക്കുകളാണ് കമ്മീഷൻ പുറത്തുവിട്ടത്.
തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ തുകയുടെ വേട്ട നടന്നത്. ആകെ 599 കോടി രൂപയിലധികം മൂല്യമുള്ള വസ്തുക്കൾ തമിഴ്നാട്ടിൽ നിന്ന് മാത്രം പിടിച്ചെടുത്തു. പശ്ചിമ ബംഗാളിൽ 472 കോടി രൂപയുടെ റെക്കോർഡ് വേട്ടയാണ് നടന്നത്. പിടിച്ചെടുത്തവയിൽ കണക്കിൽപ്പെടാത്ത പണം, മദ്യം, മയക്കുമരുന്ന്, സ്വർണ്ണമുൾപ്പെടെയുള്ള വിലപിടിപ്പുള്ള ലോഹങ്ങൾ, വോട്ടർമാരെ സ്വാധീനിക്കാൻ എത്തിച്ച സൗജന്യ വസ്തുക്കൾ എന്നിവ ഉൾപ്പെടുന്നു.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കങ്ങൾ തടയുന്നതിനായി പരിശോധനകൾ കർശനമാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വരും ദിവസങ്ങളിൽ നിരീക്ഷണം കൂടുതൽ ശക്തമാക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് പിടിച്ചെടുക്കലുകളിൽ വലിയ വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.

