തിരുവനന്തപുരം: കൈക്കൂലി കേസിൽ തിരുവനന്തപുരം കോർപ്പറേഷൻ, വിഴിഞ്ഞം സോണൽ ഓഫീസിലെ മുൻ സോണൽ ഓഫീസർ ഇൻ-ചാർജിനെ വിജിലൻസ് കോടതി നാല് വർഷം കഠിന തടവിനും 35,000/- രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു.”
കൊട്ടാരക്കര സ്വദേശിയായ പരാതിക്കാരന്റെ ഉടമസ്ഥതയിൽ കോവളത്ത് പ്രവർത്തിച്ചിരുന്ന റസ്റ്റോറന്റിന്റെ ലൈസൻസ് പുതുക്കി നൽകുന്നതിന് 10,000/- രൂപ കൈക്കൂലി വാങ്ങിയ തിരുവനന്തപുരം കോർപ്പറേഷന്റെ കീഴിലുള്ള വിഴിഞ്ഞം സോണൽ ഓഫീസിലെ മുൻ സോണൽ ഓഫീസർ ഇൻ-ചാർജ്ജും, നിലവിൽ തിരുവനന്തപുരം പള്ളിച്ചൽ ഗ്രാമപഞ്ചായത്തിൽ അസിസ്റ്റന്റ് സെക്രട്ടറിയുമായ തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി മഹേഷ്.റ്റി കുറ്റക്കാരനാണെന്ന് കണ്ടെത്തി തിരുവനന്തപുരം വിജിലൻസ് കോടതി 4 വർഷം കഠിന തടവിനും 35,000/-രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു.
കൊട്ടാരക്കര സ്വദേശിയായ പരാതിക്കാരന്റെ ഉടമസ്ഥതയിൽ കോളവത്ത് പ്രവർത്തിച്ചിരുന്ന റസ്റ്റോറന്റിന്റെ ലൈസൻസ് പുതുക്കി ലഭിക്കുന്നതിന് 2020-ൽ തിരുവനന്തപുരം കോർപ്പറേഷന്റെ വിഴിഞ്ഞം സോണൽ ഓഫീസിൽ പരാതിക്കാരൻ ഒരു അപേക്ഷ നൽകിയിരുന്നു. പരാതിക്കാരന്റെ സ്ഥാപനത്തിന്റെ മുൻ രേഖകൾ ഓഫീസിൽ ലഭ്യമല്ലായെന്നും, രേഖകൾ ശരിയാക്കി ലൈസൻസ് പുതുക്കി നൽകുന്നതിന് 10,000/- രൂപ കൈക്കൂലി നൽകണമെന്നും സോണൽ ഓഫീസ് ഇൻ-ചാർജ്ജ് ആയിരുന്ന മഹേഷ്.റ്റി പരാതിക്കാരനോട് ആവശ്യപ്പെട്ടു. തുടർന്ന് കൈക്കൂലി തുകയായ 10,000/- രൂപ പരാതിക്കാരനിൽ നിന്നും കൈപ്പറ്റിയ സമയം വിജിലൻസ് കൈയ്യോടെ പിടികൂടിയ കേസിലാണ് തിരുവനന്തപുരം കോർപ്പറേഷന്റെ വിഴിഞ്ഞം സോണൽ ഓഫീസിലെ മുൻ സോണൽ ഓഫീസർ ഇൻ-ചാർജ്ജും, നിലവിൽ തിരുവനന്തപുരം പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയുമായ തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി മഹേഷ്.റ്റി യെ കുറ്റക്കാരനാണെന്ന് കണ്ടെത്തി തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷിച്ചത്. 4 വർഷം കഠിന തടവിനും 35,000/- രൂപ പിഴ ഒടുക്കുന്നതിനുമാണ് ശിക്ഷിച്ചത്. ശിക്ഷിച്ച പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചു. തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്‌ജ് ശ്രീ. മനോജ് .എ ആണ് വിധി പുറപ്പെടുവിച്ചത്. തിരുവനന്തപുരം വിജിലൻസ് ദക്ഷിണമേഖല യൂണിറ്റിലെ മുൻ ഡി.വൈ.എസ്.പി മാരായിരുന്ന വി.അനിൽ, വിനോദ് സി.എസ് എന്നിവരാണ് ഈ കേസിന്റെ അന്വേഷണം നടത്തിയത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ശ്രീമതി. വീണ സതീശൻ ഹാജരായി.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ് അഭ്യർത്ഥിച്ചു.

