ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് പണം ഈടാക്കുന്ന ഇറാന്റെ നീക്കത്തിനെതിരെ ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങൾ ശക്തമായി പ്രതികരിച്ചു. അന്താരാഷ്ട്ര ജലപാതയായ ഹോർമുസ് കടലിടുക്കിൽ ഇത്തരം പിരിവുകൾ നിയമവിരുദ്ധമാണെന്നും അവർ വ്യക്തമാക്കി.സൗദി അറേബ്യയിലെ ജിദ്ദയിൽ ചേർന്ന ജിസിസി നേതാക്കളുടെ യോഗത്തിലാണ് ഇറാന്റെ നടപടി തള്ളിക്കളഞ്ഞത്. കപ്പലുകൾക്ക് ടോൾ ഈടാക്കുകയോ കടന്നുപോകൽ നിയന്ത്രിക്കുകയോ ചെയ്യാനുള്ള അവകാശം ഇറാനില്ലെന്ന് ജിസിസി വ്യക്തമാക്കി.
ഇറാൻ കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ നിന്ന് പിരിവ് ഈടാക്കാൻ ശ്രമിച്ചതും ചില സാഹചര്യങ്ങളിൽ പണം ലഭിച്ചതായി അവകാശപ്പെട്ടതുമാണ് വിവാദത്തിന് കാരണമായത്.
ഹോർമുസ് കടലിടുക്ക് ആഗോള എണ്ണ ഗതാഗതത്തിന്റെ പ്രധാന പാതയായതിനാൽ, ഇവിടെ ഉണ്ടാകുന്ന നിയന്ത്രണങ്ങൾ ലോകവ്യാപകമായി ഊർജ വിപണിയെ ബാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇറാന്റെ നീക്കങ്ങൾ അന്താരാഷ്ട്ര വ്യാപാര സ്വാതന്ത്ര്യത്തെ ബാധിക്കുന്നതാണെന്നും പ്രദേശത്തെ സുരക്ഷാ സാഹചര്യങ്ങൾ കൂടുതൽ സംഘർഷത്തിലേക്ക് നീങ്ങാൻ ഇടയാക്കുമെന്നും ജിസിസി രാജ്യങ്ങൾ മുന്നറിയിപ്പ് നൽകി. ഇതോടെ ഹോർമുസ് കടലിടുക്കിനെ ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാകുകയും മധ്യപൂർവ്വേഷ്യയിലെ സംഘർഷാവസ്ഥ തുടരുകയും ചെയ്യുകയാണ്.

