പശ്ചിമേഷ്യൻ യുദ്ധം ആഗോള ഇന്ധനക്ഷാമത്തിന് വഴിവെക്കുന്നു; വിമാന യാത്രക്കാർക്ക് മുന്നറിയിപ്പുമായി വിമാനക്കമ്പനികൾ

മെൽബൺ: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളെത്തുടർന്ന് ലോകമെമ്പാടും വിമാന ഇന്ധനത്തിന് (Jet Fuel) കടുത്ത ക്ഷാമം അനുഭവപ്പെടുന്നതായി റിപ്പോർട്ട്. ഇന്ധന ലഭ്യത കുറഞ്ഞതോടെ വരും മാസങ്ങളിൽ വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കപ്പെടുമെന്നും വിമാന ടിക്കറ്റ് നിരക്ക് കുത്തനെ വർദ്ധിക്കുമെന്നും അന്താരാഷ്ട്ര വ്യോമയാന സംഘടനകൾ മുന്നറിയിപ്പ് നൽകി. ഫെബ്രുവരിയിൽ ഇറാനുണ്ടായ സൈനിക നീക്കങ്ങൾക്ക് പിന്നാലെ ഇന്ധനക്കപ്പലുകളുടെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്. ഇതോടെ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഇന്ധന നീക്കം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.

അന്താരാഷ്ട്ര എനർജി ഏജൻസിയുടെ (IEA) മുന്നറിയിപ്പിന് പിന്നാലെ 360-ലധികം വിമാനക്കമ്പനികളുടെ കൂട്ടായ്മയായ ഐയാട്ടയും (IATA) യാത്രാ തടസ്സങ്ങൾ ഉണ്ടാകുമെന്ന് സ്ഥിരീകരിച്ചു. സംഘർഷം തുടരുകയാണെങ്കിൽ സർവീസുകൾ പെട്ടെന്ന് റദ്ദാക്കേണ്ടി വരുമെന്ന് ഓസ്‌ട്രേലിയൻ പരിസ്ഥിതി മന്ത്രി മുറെ വാട്ടും വ്യക്തമാക്കിയിട്ടുണ്ട്. ഇന്ധനവില ഉയർന്നതോടെ ഓസ്‌ട്രേലിയയിലെ പ്രമുഖ വിമാനക്കമ്പനികളായ ക്വാണ്ടാസും വിർജിൻ ഓസ്‌ട്രേലിയയും സർവീസുകൾ വെട്ടിച്ചുരുക്കാനും ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാനും ഇതിനോടകം തീരുമാനിച്ചു കഴിഞ്ഞു. 2026 സാമ്പത്തിക വർഷത്തിന്റെ പകുതിയോടെ നിരക്കുകളിൽ വലിയ മാറ്റമുണ്ടാകുമെന്നാണ് വിർജിൻ നൽകുന്ന സൂചന.

ഏഷ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് യൂറോപ്യൻ രാജ്യങ്ങളെയാണ് ഇന്ധനക്ഷാമം കൂടുതൽ ബാധിച്ചിരിക്കുന്നത്. ചൈനയിൽ നിന്നും മറ്റും ഇന്ധനം ലഭിക്കുന്നതിനാൽ ഏഷ്യൻ വിമാനക്കമ്പനികൾക്ക് നിലവിൽ വലിയ പ്രതിസന്ധിയില്ലെങ്കിലും, ഓസ്‌ട്രേലിയയിൽ നിന്നും ലണ്ടനിലേക്കും മറ്റും പോകുന്ന വിമാനങ്ങൾ ഇന്ധനം നിറയ്ക്കാനായി കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വരുന്നത് ചെലവ് വർദ്ധിപ്പിക്കുന്നു. പെർത്ത്-ലണ്ടൻ റൂട്ടിൽ സർവീസ് നടത്തുന്ന ക്വാണ്ടാസ് വിമാനങ്ങൾക്ക് നിലവിൽ സിംഗപ്പൂർ വഴി അധിക ദൂരം പറന്നാണ് ഇന്ധനം നിറയ്ക്കേണ്ടി വരുന്നത്.

പശ്ചിമേഷ്യയിലെ വെടിനിർത്തൽ അതീവ ദുർബലമാണെന്നും ഏതു നിമിഷവും സ്ഥിതിഗതികൾ മാറിമറിയാമെന്നും വ്യോമയാന വിദഗ്ധനായ ജിയോഫ്രി തോമസ് ചൂണ്ടിക്കാട്ടി. ഇന്ധന ലഭ്യതയിൽ ഉറപ്പില്ലാത്തതിനാൽ അവസാന നിമിഷം വിമാനങ്ങൾ റദ്ദാക്കാൻ സാധ്യതയുണ്ടെന്നും വിദേശയാത്രകൾ പ്ലാൻ ചെയ്യുന്നവർ ഈ സാഹചര്യം മുൻകൂട്ടി കാണണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഡ്രോൺ ആക്രമണങ്ങളോ മറ്റ് സംഘർഷങ്ങളോ ഉണ്ടായാൽ വ്യോമപാതകൾ വീണ്ടും അടയ്ക്കപ്പെടാൻ സാധ്യതയുള്ളത് യാത്രക്കാരെ കൂടുതൽ വലയ്ക്കും

Leave a Reply

Your email address will not be published. Required fields are marked *