വടകര: ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതിന്റെ പന്ത്രണ്ടാം ചരമവാർഷിക ദിനത്തിൽ കേരളത്തിൽ എൽ.ഡി.എഫ് നേരിടുന്ന കനത്ത തിരിച്ചടിയെ പരിഹസിച്ച് വടകരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. രമ. ടി.പി.യെ ‘കുലംകുത്തി’ എന്ന് ആക്ഷേപിച്ചവർ ഇന്ന് ജനവിധിയിൽ തകർന്നടിയുന്ന കാഴ്ചയ്ക്ക് ചരിത്രം സാക്ഷിയാകുന്നുവെന്ന് രമ തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
കുലംകുത്തി എന്ന് ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊള്ളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം ചന്ദ്രശേഖരന് കഴിഞ്ഞു എന്ന് രമ കുറിച്ചു.മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻകാല പരാമർശങ്ങളെ ലക്ഷ്യം വെച്ചായിരുന്നു രമയുടെ ഈ ഫെയ്സ്ബുക്ക് പോസ്റ്റ്.ടി.പി.യുടെ ഓർമ്മദിനത്തിൽ തന്നെ യു.ഡി.എഫ് സംസ്ഥാനത്ത് വൻ വിജയം നേടുന്നത് രാഷ്ട്രീയമായ നീതിയാണെന്ന് യു.ഡി.എഫ് പ്രവർത്തകർ വിലയിരുത്തുന്നു.
വടകരയിൽ കെ.കെ. രമ മികച്ച ലീഡ് നിലനിർത്തുന്നതിനിടെയാണ് ഈ വൈകാരികമായ കുറിപ്പ് പുറത്തുവന്നത്. അധികാരത്തിന്റെ ഹുങ്കിന് ജനങ്ങൾ നൽകിയ തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്ന് രമ കൂട്ടിച്ചേർത്തു. നിലവിൽ 90-ലേറെ സീറ്റുകളിൽ യു.ഡി.എഫ് മുന്നേറുന്ന പശ്ചാത്തലത്തിൽ ഈ ഫെയ്സ്ബുക്ക് പോസ്റ്റ് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിമാറുകയാണ്.

