തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മധ്യഘട്ടം പിന്നിടുമ്പോൾ സംസ്ഥാനത്ത് യു.ഡി.എഫ് തരംഗം ആഞ്ഞടിക്കുന്നു. ഏറ്റവും പുതിയ ട്രെൻഡുകൾ പ്രകാരം നൂറോളം സീറ്റുകളിൽ യു.ഡി.എഫ് വ്യക്തമായ ലീഡ് നിലനിർത്തിക്കൊണ്ട് ഭരണമാറ്റത്തിന്റെ ശക്തമായ സൂചന നൽകുകയാണ്. ഭരണത്തുടർച്ച ലക്ഷ്യമിട്ടിറങ്ങിയ എൽ.ഡി.എഫ് 40-ഓളം സീറ്റുകളിൽ ഒതുങ്ങുന്ന കാഴ്ചയാണ് നിലവിലുള്ളത്.
140 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ട 71 എന്ന സംഖ്യ യു.ഡി.എഫ് നേരത്തെ തന്നെ മറികടന്നു. നിലവിൽ 98 മുതൽ 99 സീറ്റുകളിൽ വരെ യു.ഡി.എഫ് മുന്നിട്ടുനിൽക്കുന്നു.
മന്ത്രിസഭയിലെ പ്രമുഖരായ വീണ ജോർജ് (ആറന്മുള), എം.ബി. രാജേഷ് (തൃത്താല), വി. ശിവൻകുട്ടി (നേമം), വി.എൻ. വാസവൻ (ഏറ്റുമാനൂർ), കെ.ബി. ഗണേഷ് കുമാർ (പത്തനാപുരം) എന്നിവർ നിലവിൽ പിന്നിലാണ്.വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങളിൽ പിന്നിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് 1,500 ഓളം വോട്ടുകളുടെ ലീഡ് തിരിച്ചുപിടിച്ചു.പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറവൂരിൽ മികച്ച ലീഡ് നിലനിർത്തുന്നു. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനും വടകരയിൽ കെ.കെ. രമയും വിജയമുറപ്പിച്ച രീതിയിലുള്ള മുന്നേറ്റമാണ് നടത്തുന്നത്.
ഇടുക്കിയിലെ അഞ്ച് മണ്ഡലങ്ങളിലും യു.ഡി.എഫ് തരംഗമാണ് ദൃശ്യമാകുന്നത്. മലപ്പുറം, എറണാകുളം ജില്ലകളിലും യു.ഡി.എഫ് ആധിപത്യം തുടരുന്നു.
പത്ത് വർഷത്തെ ഭരണത്തിന് ശേഷം ശക്തമായ ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുന്നു എന്നാണ് പ്രാഥമിക വിലയിരുത്തൽ. യു.ഡി.എഫ് കേന്ദ്രങ്ങളിൽ പ്രവർത്തകർ വിജയാഘോഷങ്ങൾ ആരംഭിച്ചു കഴിഞ്ഞു. വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ കേരള രാഷ്ട്രീയത്തിൽ വലിയൊരു മാറ്റത്തിനാണ് സാധ്യത തെളിയുന്നത്

