ഇറാൻ യുദ്ധം ഓസ്‌ട്രേലിയക്കാരെ ദരിദ്രരാക്കുന്നു; പലിശനിരക്ക് വീണ്ടും കൂട്ടി ആർ.ബി.എ

കാൻബറ: ലോകത്തിന്റെ മറുഭാഗത്ത് നടക്കുന്ന ഇറാൻ യുദ്ധം ഓസ്‌ട്രേലിയൻ കുടുംബങ്ങളെ ദരിദ്രരാക്കുകയാണെന്നും ഇതിൽ നിന്ന് ഉടൻ മോചനമില്ലെന്നും റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ (RBA) ഗവർണർ മിഷേൽ ബുള്ളക്. യുദ്ധത്തെത്തുടർന്ന് ആഗോളതലത്തിൽ എണ്ണവിലയിലും ഊർജ്ജ മേഖലയിലുമുണ്ടായ ആഘാതം ഓസ്‌ട്രേലിയൻ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ച പശ്ചാത്തലത്തിൽ, പലിശനിരക്ക് വീണ്ടും വർദ്ധിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.

തുടർച്ചയായ മൂന്നാം തവണയാണ് ആർ.ബി.എ പലിശനിരക്ക് വർദ്ധിപ്പിക്കുന്നത്. “നമ്മൾ ദരിദ്രരായിക്കൊണ്ടിരിക്കുകയാണ്, അതിൽ നിന്ന് രക്ഷപ്പെടാൻ നിലവിൽ മാർഗങ്ങളൊന്നുമില്ല” എന്ന ഗവർണറുടെ തുറന്നടിച്ചുള്ള പ്രസ്താവന വലിയ ചർച്ചകൾക്ക് വഴിവെച്ചു. യുദ്ധം മൂലമുണ്ടായ വിലക്കയറ്റം സാധാരണക്കാരുടെ ക്രയശേഷിയെ തകർക്കുകയാണെന്നും പണപ്പെരുപ്പത്തിന് അനുസൃതമായി വരുമാനം വർദ്ധിക്കുന്നില്ലെന്നും ആർ.ബി.എയുടെ പുതിയ പ്രവചനങ്ങൾ വ്യക്തമാക്കുന്നു. 2026-ൽ ഓസ്‌ട്രേലിയയുടെ സാമ്പത്തിക വളർച്ചാ നിരക്ക് കേവലം 1.3 ശതമാനമായി കുറയുമെന്നാണ് കണക്കാക്കുന്നത്.

സാമ്പത്തിക മാന്ദ്യത്തിലേക്ക് രാജ്യം നീങ്ങില്ലെങ്കിലും തൊഴിലില്ലായ്മ നിരക്ക് നിലവിലെ നിലയിൽ തുടരുമെന്നാണ് ബാങ്കിന്റെ വിലയിരുത്തൽ. അടുത്ത ചൊവ്വാഴ്ച അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിൽ സർക്കാർ ജനങ്ങൾക്ക് സാമ്പത്തിക സഹായങ്ങൾ വാരിക്കോരി നൽകുന്നത് പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള ബാങ്കിന്റെ ശ്രമങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും ഗവർണർ മുന്നറിയിപ്പ് നൽകി. ജനങ്ങളുടെ കൈകളിൽ കൂടുതൽ പണം എത്തുന്നത് വിപണിയിലെ ആവശ്യകത വർദ്ധിപ്പിക്കുമെന്നും ഇത് വീണ്ടും പലിശനിരക്ക് കൂട്ടാൻ ബാങ്കിനെ പ്രേരിപ്പിക്കുമെന്നുമാണ് ബുള്ളക്കിന്റെ പക്ഷം.

അതേസമയം, പണപ്പെരുപ്പത്തിനെതിരെയുള്ള പോരാട്ടത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂലമായ നടപടികളുണ്ടാകുമെന്ന് ട്രഷറർ ജിം ചാൽമേഴ്‌സ് പ്രതികരിച്ചു. യുദ്ധം നീണ്ടുപോയാൽ വരും മാസങ്ങളിലും പലിശനിരക്കിൽ വർദ്ധനവുണ്ടാകാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.ഓസ്‌ട്രേലിയൻ കുടുംബങ്ങളുടെ ബജറ്റുകളെ താളംതെറ്റിക്കുന്ന ഈ സാമ്പത്തിക പ്രതിസന്ധി വരും വർഷങ്ങളിലും തുടരുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *