തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷനായി മുതിർന്ന കോൺഗ്രസ് നേതാവും ചാലക്കുടി എംപിയുമായ ബെന്നി ബഹനാൻ എത്താൻ സാധ്യത ശക്തമാണെന്ന റിപ്പോർട്ടുകൾ. നിലവിലെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മന്ത്രിസഭയിൽ ഇടംപിടിക്കാനുള്ള സാധ്യത ഉയർന്ന സാഹചര്യത്തിലാണ് സംഘടനാ തലത്തിൽ മാറ്റങ്ങൾക്ക് കോൺഗ്രസ് നേതൃത്വം തയ്യാറെടുക്കുന്നതെന്ന് ദേശീയ-സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സമുദായ-വിഭാഗ സമവാക്യങ്ങൾ പരിഗണിച്ചായിരിക്കും പുതിയ അധ്യക്ഷനെ തീരുമാനിക്കുകയെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. മുഖ്യമന്ത്രി പദം ഹിന്ദു നേതാവിന് ലഭിക്കുന്ന സാഹചര്യത്തിൽ ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള നേതാവിനെ കെപിസിസി അധ്യക്ഷനാക്കാനുള്ള സാധ്യതയാണ് പാർട്ടി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
ബെന്നി ബെഹനാനൊപ്പം കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ് എന്നിവരുടെയും പേരുകൾ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, അന്തിമ തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിന്റേതായിരിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കുന്നു.

