വെസ്റ്റ് നൈൽ പനി, കൊതുകുനിശീകരണവും വ്യക്തിഗത ജാഗ്രതയും അനിവാര്യം; അറിയേണ്ട കാര്യങ്ങൾ

സംസ്ഥാനത്ത് വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു. ദേശാടന പക്ഷികളിൽ കാണപ്പെടുന്ന ഫ്ലാവി വൈറസ് വിഭാഗത്തിൽപ്പെട്ട ഈ വൈറസ് കൊതുകുകളിലൂടെയാണ് മനുഷ്യരിലേക്ക് എത്തുന്നത്. ക്യൂലക്സ് കൊതുകുകളാണ് പ്രധാനമായും ഈ രോഗം പടർത്തുന്നത്.

രോഗവ്യാപനം എങ്ങനെ?

മലിനമായ വെള്ളം കെട്ടിനിൽക്കുന്ന ഓവുചാലുകൾ, സെപ്റ്റിക് ടാങ്കുകൾ, ചതുപ്പ് പ്രദേശങ്ങൾ, ഒഴുക്കില്ലാത്ത തോടുകൾ, പുൽച്ചെടികൾ തഴച്ചുവളരുന്ന ഇടങ്ങൾ എന്നിവിടങ്ങളിലാണ് ക്യൂലക്സ് കൊതുകുകൾ പെരുകുന്നത്. രോഗബാധയുള്ള പക്ഷികളെ കടിക്കുന്ന കൊതുകുകൾ പിന്നീട് മനുഷ്യരെ കടിക്കുന്നതിലൂടെ വൈറസ് ശരീരത്തിലെത്തുന്നു. എന്നാൽ, ഈ രോഗം ബാധിച്ച വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് നേരിട്ട് പകരില്ല എന്നത് ആശ്വാസകരമാണ്.

ലക്ഷണങ്ങൾ തിരിച്ചറിയുക

രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ ലക്ഷണങ്ങൾ പ്രകടമാകാൻ രണ്ടു മുതൽ രണ്ടാഴ്ച വരെ സമയമെടുത്തേക്കാം.

സാധാരണ ലക്ഷണങ്ങൾ: പനി, തലവേദന, ശരീരവേദന, മനംപിരട്ടൽ, ഛർദ്ദി, വയറിളക്കം, ക്ഷീണം.

ഗുരുതര ലക്ഷണങ്ങൾ: നാഡീവ്യവസ്ഥയെ ബാധിക്കുന്നതിനാൽ കഠിനമായ തലവേദന, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് (Neck stiffness), കാഴ്ച നഷ്ടപ്പെടുക, പക്ഷാഘാതം, മസ്തിഷ്കജ്വരം (Encephalitis) എന്നിവയുണ്ടാകാം.

ഭൂരിഭാഗം പേരിലും ലക്ഷണങ്ങൾ പ്രകടമാകില്ലെങ്കിലും പ്രായമായവർ, ഗർഭിണികൾ, മറ്റ് രോഗബാധിതർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. ലക്ഷണങ്ങൾ കണ്ടാലുടൻ വൈദ്യസഹായം തേടേണ്ടത് അനിവാര്യമാണ്.

വ്യക്തിഗത പ്രതിരോധ മാർഗങ്ങൾ

കൊതുകുകടി ഏൽക്കാതെ നോക്കുക എന്നതാണ് ഏറ്റവും വലിയ പ്രതിരോധം.

കൊതുകുകൾ സജീവമാകുന്ന പ്രഭാത വേളകളിലും വൈകുന്നേരങ്ങളിലും പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക. നടത്തം ഉൾപ്പെടെയുള്ള വ്യായാമങ്ങളിൽ ഏർപ്പെടുന്നവർ ജാഗ്രത പാലിക്കണം.

ശരീരം മുഴുവൻ മൂടുന്ന തരത്തിലുള്ള ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.

കൊതുക് നിരോധന ലേപനങ്ങൾ (Repellents) കൃത്യമായി ഉപയോഗിക്കുക.

മുറിക്കുള്ളിൽ മുഷിഞ്ഞ വസ്ത്രങ്ങൾ കൂട്ടിയിടരുത്.

ഉറങ്ങുമ്പോൾ കൊതുകുവല ഉപയോഗിക്കാനും ജനലുകളിലും വാതിലുകളിലും നെറ്റുകൾ ഘടിപ്പിക്കാനും ശ്രദ്ധിക്കണം.

കൊതുക് നശീകരണവും ഉറവിട നശീകരണവും

കൊതുകുകൾ വളരാനുള്ള സാഹചര്യങ്ങൾ വീടിനുള്ളിലും പരിസരത്തും ഇല്ലാതാക്കണം.

ടെറസ്, സൺഷേഡ്, പാത്തികൾ എന്നിവിടങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പാക്കുക.

ടയറുകൾ, കുപ്പികൾ, പാത്രങ്ങൾ എന്നിവയിൽ വെള്ളം വീഴാത്ത വിധം സൂക്ഷിക്കുകയോ നശിപ്പിക്കുകയോ ചെയ്യുക.

വെള്ളം ശേഖരിക്കുന്ന പാത്രങ്ങൾ വശങ്ങൾ തേച്ചുരച്ച് കഴുകി വൃത്തിയായി മൂടി വെക്കുക.

ശൗചാലയങ്ങളിലെ വെന്റ് പൈപ്പുകൾ വലയിട്ടു മൂടുക.

വീടിന് പരിസരത്തെ കാടുപിടിച്ചു കിടക്കുന്ന കുറ്റിച്ചെടികൾ വെട്ടിത്തെളിക്കുക.

മലിനജലം കെട്ടിക്കിടക്കുന്ന ഇടങ്ങളിൽ ആരോഗ്യപ്രവർത്തകരുടെ സഹായത്തോടെ ഫോഗിങ് നടത്തുക.

നിയമനടപടികൾ

വീടിനും പരിസരത്തും കൊതുക് വളരുന്ന സാഹചര്യങ്ങൾ ഒഴിവാക്കാത്ത പക്ഷം പബ്ലിക് ഹെൽത്ത് ആക്ട് പ്രകാരം പിഴയുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുന്നതാണ്. ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കാനും അജൈവമാലിന്യങ്ങൾ കൃത്യമായി ഹരിതകർമ്മസേനയ്ക്ക് കൈമാറാനും ശ്രദ്ധിക്കുക.

കൊതുകുനിശീകരണത്തിലൂടെയും വ്യക്തിഗത ജാഗ്രതയിലൂടെയും മാത്രമേ വെസ്റ്റ് നൈൽ പനിയെ ഫലപ്രദമായി തടയാൻ സാധിക്കൂ

Leave a Reply

Your email address will not be published. Required fields are marked *