ബജറ്റ് പരിഷ്കാരം കമ്മ്യൂണിസം; ആൽബനീസി സർക്കാരിനെതിരെ ആഞ്ഞടിച്ച് പോളിൻ ഹാൻസൺ

കാൻബറ: ഓസ്‌ട്രേലിയൻ ഫെഡറൽ ബജറ്റിലെ നികുതി പരിഷ്കാരങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി വൺ നേഷൻ പാർട്ടി നേതാവ് പോളിൻ ഹാൻസൺ. നെഗറ്റീവ് ഗിയറിംഗിലും ക്യാപിറ്റൽ ഗെയിൻസ് ടാക്സിലും സർക്കാർ കൊണ്ടുവന്ന മാറ്റങ്ങൾ സമ്പത്തിന്റെ പുനർവിതരണമാണെന്നും ഇത് ‘കമ്മ്യൂണിസം’ നടപ്പിലാക്കുന്നതിന് തുല്യമാണെന്നും അവർ ആരോപിച്ചു.

ഫാററിൽ നിന്നുള്ള പുതിയ എംപി ഡേവിഡ് ഫാർലിയെ കാൻബറയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഹാൻസൺ സർക്കാരിനെ കടന്നാക്രമിച്ചത്. ലേബർ പാർട്ടിയുടേത് ‘ഷെരീഫ് ഓഫ് നോട്ടിംഗ്ഹാം’ (സമ്പന്നരിൽ നിന്ന് തട്ടിയെടുക്കുന്ന രീതി) ബജറ്റാണെന്ന് അവർ പരിഹസിച്ചു.

കഠിനാധ്വാനം ചെയ്ത് സമ്പാദിക്കുന്നവരിൽ നിന്ന് പണം തട്ടിയെടുക്കുന്ന നടപടിയാണിത്. ബേബി ബൂമർ തലമുറയിലുള്ളവർ ആഡംബരങ്ങൾ ഒഴിവാക്കി സമ്പാദിച്ചും നിക്ഷേപിച്ചുമാണ് സമ്പത്തുണ്ടാക്കിയത്. അത് പിടിച്ചെടുക്കുന്നത് അംഗീകരിക്കാനാവില്ല.

ആധുനിക കാലത്തെ യുവാക്കൾക്ക് കഠിനാധ്വാനം ചെയ്യാനോ പണം സമ്പാദിക്കാനോ താല്പര്യമില്ല. പലരും മാതാപിതാക്കളുടെ സഹായത്തോടെയാണ് മുന്നോട്ട് പോകുന്നത്. വിവാഹം കഴിക്കാനോ കുട്ടികളുണ്ടാകാനോ അവർ ആഗ്രഹിക്കുന്നില്ലെന്നും ഹാൻസൺ കുറ്റപ്പെടുത്തി.ഓസ്‌ട്രേലിയയിലെ ഭവന വില വർദ്ധനവിന് കാരണം നികുതി ഇളവുകളല്ല, മറിച്ച് അനിയന്ത്രിതമായ കുടിയേറ്റവും വിദേശ നിക്ഷേപവുമാണ്. 1985-ൽ പോൾ കീറ്റിംഗ് നെഗറ്റീവ് ഗിയറിംഗ് നിർത്തലാക്കാൻ ശ്രമിച്ചപ്പോൾ വിപണി തകർന്ന ചരിത്രം സർക്കാർ മറക്കരുതെന്നും അവർ ഓർമ്മിപ്പിച്ചു.

യുവാക്കൾക്ക് വീട് ലഭ്യമാക്കാനാണ് ഈ മാറ്റങ്ങളെങ്കിൽ എന്തിനാണ് ഓഹരികൾക്കും വ്യവസായ വസ്തുവകകൾക്കും നികുതി ഏർപ്പെടുത്തുന്നതെന്ന് ഹാൻസൺ ചോദിച്ചു.ഹാൻസന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി ട്രഷറർ ജിം ചാൽമേഴ്‌സ് രംഗത്തെത്തി. ബ്രിട്ടനിലെ നൈജൽ ഫരാജിനെപ്പോലെയുള്ള തീവ്ര നിലപാടുകാരുമായാണ് ഹാൻസണെ അദ്ദേഹം ഉപമിച്ചത്. ഓസ്‌ട്രേലിയൻ രാഷ്ട്രീയത്തിന്റെ വിവേക പൂർണ്ണമായ കേന്ദ്രബിന്ദുവായി നിലകൊള്ളുന്നത് തങ്ങളാണെന്നും കാലഹരണപ്പെട്ട വ്യവസ്ഥിതികളെ പ്രതിരോധിക്കാൻ സർക്കാരിന് കഴിയില്ലെന്നും ചാൽമേഴ്‌സ് വ്യക്തമാക്കി. മാറ്റങ്ങൾ അനിവാര്യമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സർക്കാർ

Leave a Reply

Your email address will not be published. Required fields are marked *