തിരുവനന്തപുരം: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ചുള്ള അനിശ്ചിതത്വത്തിന് ഇന്ന് വിരാമമാകാനിരിക്കെ കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം ഇന്ദിരാഭവനിൽ ചേരും. യോഗത്തിന് പിന്നാലെ മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ദിവസങ്ങളായി നീണ്ട ചർച്ചകൾക്ക് പിന്നാലെ ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും നിർണായക കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ “കേരള മുഖ്യമന്ത്രിയെക്കുറിച്ചുള്ള തീരുമാനം നാളെ പ്രഖ്യാപിക്കും” എന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് അറിയിച്ചിരുന്നു.
കോൺഗ്രസ് എംഎൽഎമാരോട് എല്ലാവരും തിരുവനന്തപുരത്ത് എത്താൻ നിർദേശം നൽകിയിട്ടുണ്ട്. നിയമസഭാ കക്ഷി യോഗത്തിൽ ഹൈക്കമാൻഡിന്റെ തീരുമാനം അവതരിപ്പിക്കാനാണ് സാധ്യത. പ്രഖ്യാപനത്തിന് പിന്നാലെ ഗവർണറെ കണ്ടു സർക്കാർ രൂപീകരണാവകാശം ഉന്നയിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്തിനായി വി ഡി സതീശൻ, കെസി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണനയിലുള്ളത്. അതേസമയം, തീരുമാനം വൈകുന്നതിനെതിരെ പാർട്ടിക്കുള്ളിലും യുഡിഎഫ് ഘടകകക്ഷികളിലും അസന്തോഷം ശക്തമായിരുന്നു.

