കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടപടികൾ ആരംഭിച്ചു. പ്രോടൈം സ്പീക്കർ തപാസ് റോയിയുടെ സാന്നിധ്യത്തിലായിരുന്നു അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തത്. സുവേന്ദു അധികാരി ഉൾപ്പെടെ 143 എംഎൽഎമാർ ആദ്യ ദിവസത്തിൽ സത്യപ്രതിജ്ഞ ചെയ്തു.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന ചടങ്ങിൽ വിവിധ ജില്ലകളിൽ നിന്നുള്ള എംഎൽഎമാരെ ഘട്ടംഘട്ടമായാണ് സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ആദ്യഘട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ വടക്കൻ ബംഗാളും മുർഷിദാബാദും ഉൾപ്പെടെയുള്ള മേഖലകളിലെ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. ശേഷിക്കുന്ന എംഎൽഎമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
ഇന്ധന ലാഭവും ചെലവ് ചുരുക്കലും മുൻനിർത്തി നിരവധി എംഎൽഎമാർ ബസുകളിലായാണ് നിയമസഭയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ തുടർന്നാണ് ഈ തീരുമാനം സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞു. ഔദ്യോഗിക വാഹനവ്യൂഹങ്ങളുടെ എണ്ണം കുറയ്ക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.

