സൗദി അറേബ്യയിലെ റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനം മേയ് 19ന് ഉണ്ടാകുമെന്നാണ് ആക്ഷൻ കൗൺസിൽ അറിയിച്ചത്. മോചനവുമായി ബന്ധപ്പെട്ട പേപ്പർ നടപടികൾ പൂർത്തിയായാൽ അന്നേ ദിവസം ജയിലിൽ നിന്ന് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. മേയ് 20ന് റഹീം നാട്ടിലെത്തുമെന്നും ആക്ഷൻ കൗൺസിൽ വ്യക്തമാക്കി.
2006 നവംബറിലാണ് സൗദി ബാലൻ അനസ് അൽ ഫായിസിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അബ്ദുൾ റഹീം അറസ്റ്റിലായത്. ബാലന്റെ ലൈഫ് സപ്പോർട്ട് ഉപകരണത്തിൽ അബദ്ധത്തിൽ കൈതട്ടിയതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. തുടർന്ന് 2012ൽ സൗദി കോടതി റഹീമിന് വധശിക്ഷ വിധിച്ചു.
പിന്നീട് വലിയ ജനകീയ ക്യാമ്പയിനിലൂടെ ഏകദേശം 34 കോടി രൂപ ദിയാധനമായി സമാഹരിച്ച് ബാധിത കുടുംബത്തിന് നൽകിയതിനെ തുടർന്ന് വധശിക്ഷ ഒഴിവാക്കുകയായിരുന്നു. എന്നാൽ ‘പബ്ലിക് റൈറ്റ്സ് ആക്ട്’ പ്രകാരമുള്ള കേസിൽ 20 വർഷം തടവുശിക്ഷ കൂടി കോടതി വിധിച്ചിരുന്നു. ഇതിനകം 19 വർഷത്തിലേറെ ജയിൽവാസം അനുഭവിച്ച സാഹചര്യത്തിലാണ് മോചനനടപടികൾ പൂർത്തിയാകുന്നത്.

