ലണ്ടൻ: റിഫോം യുകെ പാർട്ടി ദാതാവായ ശതകോടീശ്വരനിൽ നിന്ന് തനിക്ക് ലഭിച്ച 50 ലക്ഷം പൗണ്ട് (ഏകദേശം 52 കോടി രൂപ), ബ്രെക്സിറ്റിനായി നടത്തിയ പോരാട്ടത്തിനുള്ള ‘പ്രതിഫലം’ (Reward) ആണെന്ന് നൈജൽ ഫരാജ്. ക്രിസ്റ്റഫർ ചാൻഡലർ എന്ന വ്യവസായിയിൽ നിന്നാണ് ഫരാജിന് ഈ തുക ലഭിച്ചത്. ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതോടെ ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് വഴിയൊരുങ്ങിയിരിക്കുന്നത്.
ഒരു രാഷ്ട്രീയ നേതാവിന് ഇത്ര വലിയ തുക വ്യക്തിഗതമായി ലഭിക്കുന്നത് അസാധാരണമാണെന്ന വിമർശനങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. താൻ വർഷങ്ങളോളം ബ്രെക്സിറ്റിനായി നടത്തിയ കഠിനാധ്വാനവും പ്രതിബദ്ധതയും കണക്കിലെടുത്താണ് ചാൻഡലർ ഈ തുക നൽകിയതെന്ന് ഫരാജ് ബി.ബി.സിയോട് പറഞ്ഞു. ഇത് തന്റെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണെന്നും ഇതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, ഒരു കോടീശ്വരനിൽ നിന്ന് ഇത്രയും വലിയ തുക കൈപ്പറ്റിയത് ഫരാജിന്റെ രാഷ്ട്രീയ നിലപാടുകളെയും റിഫോം യുകെ പാർട്ടിയുടെ പ്രവർത്തനങ്ങളെയും സ്വാധീനിക്കുമോ എന്ന ചോദ്യം എതിരാളികൾ ഉയർത്തുന്നുണ്ട്. വിദേശ മൂലധനവും വൻകിട വ്യവസായികളും രാഷ്ട്രീയ പാർട്ടികളിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ബ്രിട്ടനിൽ നിലവിൽ കടുത്ത സംവാദങ്ങൾ നടക്കുന്നതിനിടെയാണ് ഫരാജിന്റെ ഈ വെളിപ്പെടുത്തൽ പുറത്തുവരുന്നത്. തനിക്ക് ലഭിച്ച തുക വ്യക്തിപരമായ ആവശ്യങ്ങൾക്കും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുമായി ഉപയോഗിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പണത്തിന്റെ സ്രോതസ്സിനെക്കുറിച്ചും അത് നൽകിയ ഉദ്ദേശ്യത്തെക്കുറിച്ചും കൂടുതൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ലേബർ പാർട്ടിയും ലിബറൽ ഡെമോക്രാറ്റുകളും രംഗത്തെത്തിയിട്ടുണ്ട്.

