ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ഇതുരി പ്രവിശ്യയിൽ പുതിയ എബോള പകർച്ചവ്യാധി സ്ഥിരീകരിച്ചു. ഇതുവരെ 65 പേർ മരിച്ചതായും 246 സംശയാസ്പദ കേസുകൾ റിപ്പോർട്ട് ചെയ്തതായും ആഫ്രിക്കൻ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (Africa CDC) അറിയിച്ചു.
മോംഗ്വാലു, റ്വാംപര എന്നീ ആരോഗ്യ മേഖലകളിലാണ് കൂടുതൽ കേസുകൾ കണ്ടെത്തിയത്. ഇതുരിയുടെ തലസ്ഥാനമായ ബുനിയയിലും സംശയാസ്പദ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലബോറട്ടറി പരിശോധന നടത്തിയ 20 സാമ്പിളുകളിൽ 13 എണ്ണം എബോള വൈറസ് ബാധ സ്ഥിരീകരിച്ചതായും അധികൃതർ അറിയിച്ചു. രോഗവ്യാപന സാധ്യത ഉയർന്ന സാഹചര്യത്തിൽ കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിലെ ആരോഗ്യ അധികൃതർ അടിയന്തര ഏകോപന യോഗം ചേർന്നു.
അതിർത്തി പ്രദേശങ്ങളിലെ നിരീക്ഷണവും രോഗപ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഉഗാണ്ടയിലും കോംഗോയിൽ നിന്ന് എത്തിയ ഒരാൾക്ക് എബോള സ്ഥിരീകരിച്ച് മരണം സംഭവിച്ചിട്ടുണ്ട്. ബുണ്ടിബുഗ്യോ വകഭേദത്തിലുള്ള വൈറസാകാമെന്ന സംശയത്തിലാണ് ആരോഗ്യവിദഗ്ധർ. ഈ വകഭേദത്തിന് നിലവിൽ വ്യാപകമായി ഉപയോഗിക്കുന്ന എർവീബോ വാക്സിൻ ഫലപ്രദമല്ലെന്നാണ് റിപ്പോർട്ടുകൾ.
1976ൽ ആദ്യമായി എബോള കണ്ടെത്തിയതിന് ശേഷം കോംഗോയിൽ റിപ്പോർട്ട് ചെയ്യുന്ന 17-ാമത്തെ പകർച്ചവ്യാധിയാണിത്. സംഘർഷാവസ്ഥ, ജനങ്ങളുടെ കുടിയൊഴിപ്പ്, ദുർബലമായ ആരോഗ്യ അടിസ്ഥാനസൗകര്യങ്ങൾ എന്നിവ രോഗനിയന്ത്രണ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാകുന്നുവെന്ന് ആരോഗ്യ ഏജൻസികൾ മുന്നറിയിപ്പ് നൽകി.

