രാജധാനി എക്സ്പ്രസിന് തീപിടിച്ച സംഭവം; ഉന്നതതല അന്വേഷണത്തിന് റെയിൽവേ മന്ത്രാലയം ഉത്തരവിട്ടു

ന്യൂഡൽഹി: തിരുവനന്തപുരം – ന്യൂഡൽഹി രാജധാനി എക്സ്പ്രസിന്റെ രണ്ട് കോച്ചുകൾക്ക് തീപിടിച്ച സംഭവത്തിൽ റെയിൽവേ മന്ത്രാലയം ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിനു പുറമെ ട്രെയിൻ കോച്ചുകളിലെ അഗ്നിശമന സംവിധാനങ്ങളുടെയും സുരക്ഷാ ക്രമീകരണങ്ങളുടെയും രാജ്യവ്യാപകമായ ഓഡിറ്റിംഗിനും റെയിൽവേ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.

മധ്യപ്രദേശിലെ രത്‌ലാം ജില്ലയിൽ വെച്ച് ഇന്ന് പുലർച്ചെ 5.15-ഓടെയാണ് തിരുവനന്തപുരം-ഹസ്രത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസിന് (വണ്ടി നമ്പർ: 12431) തീപിടിച്ചത്. കോട്ട റെയിൽവേ ഡിവിഷന് കീഴിലുള്ള വിക്രംഗഡ് അലോട്ട്, ലുനിറിച്ച് സ്റ്റേഷനുകൾക്കിടയിൽ വെച്ചായിരുന്നു അപകടം. ട്രെയിനിലെ ബി-1 എസി കോച്ചിലാണ് ആദ്യം തീപിടുത്തമുണ്ടായത്. തുടർന്ന് ഇതിന് തൊട്ടുപിന്നിലെ ലഗേജ് കം ഗാർഡ് വാനിലേക്കും (SLR) തീ പടരുകയായിരുന്നു. കോച്ചിലെ സുരക്ഷാ സംവിധാനങ്ങൾ ഉടനടി പ്രവർത്തിച്ചതോടെ ട്രെയിൻ തനിയെ നിർന്നു.

തീപിടുത്തം ശ്രദ്ധയിൽപ്പെട്ടയുടൻ റെയിൽവേ ജീവനക്കാർ സമയോചിതമായി ഇടപെട്ട് 15 മിനിറ്റിനുള്ളിൽ യാത്രക്കാരെ മുഴുവൻ സുരക്ഷിതമായി പുറത്തെത്തിച്ചു. അപകടസമയത്ത് ബി-1 കോച്ചിൽ 68 യാത്രക്കാരുണ്ടായിരുന്നു. ആർക്കും തന്നെ പരിക്കുകളില്ലെന്ന് റെയിൽവേ അധികൃതർ സ്ഥിരീകരിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും തീപിടിച്ച രണ്ട് കോച്ചുകളും മറ്റ് ഭാഗങ്ങളിൽ നിന്ന് വേർപെടുത്തുകയും ചെയ്തു. തുടർന്ന് രാവിലെ 9.45-ഓടെ ട്രെയിൻ യാത്ര പുനരാരംഭിച്ചു. യാത്രക്കാർക്കായി കോട്ട സ്റ്റേഷനിൽ പുതിയ കോച്ചുകൾ ലഭ്യമാക്കുമെന്ന് റെയിൽവേ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *