ട്രംപിന് പിന്നാലെ പുടിനും ചൈനയിലേക്ക്; ഷി ജിൻപിങ്ങുമായി അടുത്ത ആഴ്ച കൂടിക്കാഴ്ച നടത്തും

മോസ്കോ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ബീജിങ് സന്ദർശനം പൂർത്തിയായതിന് തൊട്ടുപിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും ചൈന സന്ദർശിക്കുന്നു. അടുത്ത ആഴ്ച ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി പുടിൻ ഉന്നതതല കൂടിക്കാഴ്ച നടത്തും. മെയ് 19, 20 തീയതികളിലാണ് റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക ചൈന സന്ദർശനം. മെയ് 13 മുതൽ 15 വരെയായിരുന്നു ഡൊണാൾഡ് ട്രംപ് ബീജിങ്ങിൽ സന്ദർശനം നടത്തിയിരുന്നത്.

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് പുടിൻ എത്തുന്നതെന്ന് ക്രെംലിൻ ശനിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ അടിത്തറയായ ‘സൗഹൃദ-സഹകരണ കരാറിന്റെ’ (Treaty of Good-Neighborliness and Friendly Cooperation) 25-ാം വാർഷിക വേളയിലാണ് ഈ സന്ദർശനം നടക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.

രണ്ട് ദിവസം നീണ്ടുനിൽക്കുന്ന സന്ദർശനത്തിൽ റഷ്യ-ചൈന തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ആഗോള-പ്രാദേശിക വിഷയങ്ങളെക്കുറിച്ചും ഇരുനേതാക്കളും വിശദമായ ചർച്ചകൾ നടത്തും. കൂടാതെ, 2026-2027 അധ്യയന വർഷത്തെ ‘റഷ്യ-ചൈന വിദ്യാഭ്യാസ വർഷത്തിന്റെ’ ഉദ്ഘാടന ചടങ്ങിലും ഇരുനേതാക്കളും സംയുക്തമായി പങ്കെടുക്കും. ചർച്ചകൾക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള പുതിയ അന്താരാഷ്ട്ര കരാറുകളിലും തന്ത്രപ്രധാനമായ സംയുക്ത പ്രസ്താവനയിലും പുടിനും ഷി ജിൻപിങ്ങും ഒപ്പുവെക്കുമെന്നും ക്രെംലിൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *