ബാങ്കോക്ക്: തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ ലെവൽ ക്രോസിംഗിൽ വെച്ച് ചരക്കുതീവണ്ടി യാത്രാബസിലിടിച്ച് ഉണ്ടായ വൻ അപകടത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അപകടത്തിൽ 32 പേർക്ക് പരിക്കേറ്റിട്ടുണ്ട്. എയർപോർട്ട് റെയിൽ ലിങ്കിന്റെ മക്കസൻ (Makkasan) സ്റ്റേഷന് സമീപമുള്ള റെയിൽവേ ക്രോസിംഗിലാണ് ദരുണമായ ഈ ദുരന്തം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസിനും സമീപത്തുണ്ടായിരുന്ന മറ്റ് വാഹനങ്ങൾക്കും തീപിടിക്കുകയായിരുന്നു. മരണപ്പെട്ട എട്ട് പേരും ബസിനുള്ളിൽ ഉണ്ടായിരുന്ന യാത്രക്കാരാണ്.
സിഗ്നലിലെ ചുവപ്പ് വിളക്ക് കണ്ട് റെയിൽവേ ട്രാക്കിന് മുകളിൽ ബസ് നിർത്തിയതാണ് അപകടത്തിന് കാരണമായതെന്ന് തായ്ലൻഡ് ഡെപ്യൂട്ടി ഗതാഗത മന്ത്രി സിരിപോങ് അങ്കസകുൽ കിയാത് മാധ്യമങ്ങളോട് പറഞ്ഞു. ട്രാക്കിൽ ബസ് കുടുങ്ങിക്കിടന്നതിനാൽ ലെവൽ ക്രോസിംഗിന്റെ സുരക്ഷാ ബാരിയറുകൾ പൂർണ്ണമായി അടയ്ക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സമയം കൺടെയ്നറുകളുമായി വന്ന ചരക്കുതീവണ്ടിക്ക് പെട്ടെന്ന് ബ്രേക്ക് ചവിട്ടി നിർത്താൻ കഴിയാതെ വരികയും ബസിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. ട്രെയിൻ ബസിനെ ഇടിച്ചു തെറിപ്പിക്കുന്നതിന്റെയും ട്രാക്കിലുണ്ടായിരുന്ന മറ്റ് കാറുകളും മോട്ടോർ സൈക്കിളുകളും വലിച്ചിഴച്ചു കൊണ്ടുപോകുന്നതിന്റെയും ഭീതിജനകമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇടിയുണ്ടായ ഉടൻ തന്നെ ബസിന് തീപിടിക്കുകയും സമീപത്തെ വാഹനങ്ങളിലേക്ക് പടരുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ചരക്കുതീവണ്ടി ഇടിച്ചുകയറിയതിനെ തുടർന്ന് തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ നിന്നും അഗ്നിശമനസേനയും രക്ഷാപ്രവർത്തകരും ചേർന്നാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഇവരെ ബാങ്കോക്കിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെ തുടർന്ന് ഉയർന്ന കടുത്ത പുക നിയന്ത്രണവിധേയമാക്കാനും, തകർന്ന വാഹനങ്ങളിൽ നിന്നും പാചകവാതകം ചോരുന്നത് തടയാനുമുള്ള ശ്രമങ്ങൾ തുടരുകയാണ്. സംഭവത്തെക്കുറിച്ച് തായ്ലൻഡ് അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ലോകത്തിൽ വെച്ച് ഏറ്റവും കൂടുതൽ റോഡപകടങ്ങൾ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് തായ്ലൻഡ് എന്ന് ലോകാരോഗ്യ സംഘടനയുടെ (WHO) റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു

