ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ റിഷികേശിന് സമീപം ഉജ്ജയിൻ എക്സ്പ്രസിന്റെ മൂന്ന് കോച്ചുകൾ പാളം തെറ്റി. യോഗ് നഗറി റെയിൽവേ സ്റ്റേഷനു സമീപം തിങ്കളാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം. ട്രെയിനിൽ യാത്രക്കാരില്ലാത്ത സമയത്താണ് അപകടമുണ്ടായതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
ഷണ്ടിംഗ് നടപടിക്കിടെയാണ് കോച്ചുകൾ പാളം തെറ്റിയതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. റിഷികേശിലെ ഖണ്ഡ് ഗ്രാമത്തിന് സമീപമുള്ള റെയിൽവേ യാർഡിലാണ് സംഭവം നടന്നത്. ബ്രേക്ക് തകരാറാണ് അപകടത്തിന് കാരണമായതാകാമെന്ന് പ്രാഥമിക റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു.
സംഭവത്തെ തുടർന്ന് റെയിൽവേ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചു. പാളം തെറ്റിയ കോച്ചുകൾ മാറ്റുന്നതിനും ട്രാക്ക് പുനഃസ്ഥാപിക്കുന്നതിനുമായി അറ്റകുറ്റപ്പണികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

